നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

Share our post

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.

ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്.

കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.

2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോഗസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസഫ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!