തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

Share our post

തിരുവനന്തപുരം :തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാൾ പോളിങ്ങ് ബൂത്തിലെത്തുക. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു – രാഷ്ട്രീയ വിഷയങ്ങൾക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേൽക്കൈ. വികസന-ക്ഷേമകാര്യങ്ങൾ പ്രാദേശിക തലത്തിലൊതുങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി,ശബരിമല സ്വർണക്കൊളള, ജമാഅത്തെ ഇസ്‌ലാമി ബന്ധം, സിപിഐഎം – ബിജെപി അന്തർധാര, ദേശിയപാത തകർച്ച തുടങ്ങിയവയാണ് രംഗം കൈയ്യടക്കിയത്. ഭരണവിരുദ്ധവികാരത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പ്രാദേശിക ഭരണകൂടങ്ങളിലും സ്വാധീനം വർധിപ്പിക്കുക ലക്ഷ്യമിട്ട് ബിജെപി മുന്നണിയും വലിയ പ്രചരണം നടത്തുന്നുണ്ട്. ഈമാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ പാലക്കാട് വരെയുളള വടക്കൻ ജില്ലകളിലെ പ്രചരണം 9ന് സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!