സ്‌റ്റാർട്ടപ്പിലും കണ്ണൂർ കുതിപ്പ്‌

Share our post

​തലശേരി: നൂതന ആശയങ്ങളും സംരംഭങ്ങളുമായി സ്‌റ്റാർട്ടപ്പ്‌ രംഗത്തും കേരളത്തിന്‌ മുന്പേ നടക്കുകയാണ്‌ കണ്ണൂർ. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലാണ്‌ കണ്ണൂരിലെ സ്‌റ്റാർട്ടപ്പ്‌ മേഖലക്കും തുണയായത്‌. നവീന ചിന്തകളെ പ്രോത്സാഹിപ്പിക്കാനും സംരംഭങ്ങളെ പിന്തുണയ്‌ക്കാനുമായി രൂപം നൽകിയ കേരള സ്‌റ്റാർട്ടപ്പ്‌ മിഷനും പുതുതലമുറക്ക്‌ വഴികാട്ടാൻ ഒപ്പമുണ്ട്‌. ഐടിയിലും വിദ്യാഭ്യാസ–ആരോഗ്യമേഖലകളിലും കൃഷിയിലുമെല്ലാം പുതിയസംരംഭങ്ങൾ പിറവിയെടുത്തു. കൂടുതൽ നിക്ഷേപവും തൊഴിൽ സാധ്യതകളുമാണ്‌ ഇതിലൂടെ നാടിന്‌ ലഭിച്ചത്‌. പ്രധാനപ്പെട്ട നാല്‌ ഇൻകുബേഷൻ സെന്ററുകളിലായി 250 സ്‌റ്റാർട്ടപ്പുകളാണ്‌ ജില്ലയിൽ ഇതിനകം രജിസ്‌റ്റർ ചെയതത്‌. ആയിരത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. കണ്ണൂർ സർവകലാശാല താവക്കര ക്യാന്പസിലെ ഇന്നൊവേഷൻ ആൻഡ്‌ ഇൻകുബേഷൻ ഫ‍ൗണ്ടേഷനും (കെയുഐഐഎഫ്‌) സ്‌റ്റാർട്ടപ്പുകൾക്ക് മികച്ച പിന്തുണയാണ്‌ നൽകുന്നത്‌. ടെക്‌നോളജി ബിസിനസ്‌ ഇൻകുബേറ്ററും കണ്ണൂർ സർവകലാശാലയിൽ തന്നെയാണ്‌. മലബാർ ഇന്നവേഷൻ ആൻഡ്‌ എന്റർപ്രണർഷിപ്പ്‌ സോൺ, കണ്ണൂർ ടെക്‌നോ ലോഡ്‌ജ്‌ എന്നിവയാണ്‌ മറ്റ്‌ ഇൻകുബേഷൻ സെന്ററുകൾ. സ്‌റ്റാർട്ടപ്പ്‌ മിഷന്റെ ലീപ്‌ സെന്ററും (ലോഞ്ച്, എംപവര്‍, ആക്സിലറേറ്റ്, പ്രോസ്പര്‍) താവക്കര ക്യാന്പസിൽ ആരംഭിച്ചു. ​ആശയങ്ങൾ 
ആഘോഷമാക്കുന്നു ഉപരിപഠനത്തിനൊപ്പം സംരംഭകത്വത്തിന്റെ ബാലപാഠങ്ങളും കണ്ണൂർ സർവകലാശാല പരിശീലിപ്പിക്കുന്നു. സർവലകലാശാല പാലയാട്‌ ക്യാമ്പസ്‌ എംബിഎ വകുപ്പിന്റെ നേതൃത്വത്തിൽ 2013ൽ ആരംഭിച്ച സംരംഭകത്വ ക്ലബ്ബാണ്‌ യുവതലമുറക്ക്‌ വഴികാട്ടുന്ന ഇന്നൊവേഷൻ ആൻഡ്‌ ഇൻകുബേഷൻ ഫ‍ൗണ്ടേഷനായി വികസിച്ചത്‌. കണ്ണൂർ സർവകലാശാല ഇന്നൊവേഷൻ ആൻഡ്‌ ഇൻകുബേഷൻ ഫൗണ്ടേഷനിലൂടെ ആരംഭിച്ച സ്‌റ്റാർട്ടപ്പുകളിൽ പലതും വൻവിജയമായി. ജില്ലയിൽ പതിനഞ്ച്‌ ക്യാന്പസുകളിൽ ഇന്നൊവേഷൻ എന്റർപ്രണേഴ്‌സ്‌ ഡവലപ്പ്‌മെന്റ്‌ സെന്റുകളുണ്ട്‌. കേരള സ്‌റ്റാർട്ട്‌പ്പ്‌മിഷൻ അനുവദിച്ച ഇ‍ൗ സെന്ററുകൾ നൂതന ആശയങ്ങളുടെ ആഘോഷവേദിയാണിന്ന്‌. പാലയാട്‌ ക്യാന്പസിൽ 2015മുതൽ ബിസിനസ്‌ ഇൻകുബേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്‌. തലശേരി എൻജിനിയറിങ് കോളേജിലും മലബാർ ക്യാൻസർ സെന്ററിലും സ്‌റ്റാർട്ടപ്പുകളുണ്ട്‌. ഗവ. ബ്രണ്ണൻ കോളേജിൽ പുതുവർഷത്തിൽ സ്‌റ്റാർട്ടപ്പ്‌ മിഷന്റെ ഇൻകുബേഷൻ സെന്റർ ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!