‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും’; റിനി ആൻ ജോർജിന് വധഭീഷണി
കൊച്ചി: ലൈംഗികാരോപണ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി റിനി ആൻ ജോർജിന് വധഭീഷണി. “രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും” എന്നാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ രാത്രി രണ്ട് പേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും വീടിന്റെ ഗേറ്റ് തകർക്കാൻ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് റിനി ആൻ ജോർജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു. എന്നാൽ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞിട്ടില്ല. ഈ മാസം 15ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് സിംഗിൾ ബെഞ്ചിൻറെ നിർദേശം.
മുമ്പ് നൽകിയ അപേക്ഷ സെഷൻസ് കോടതി തള്ളുകയും അറസ്റ്റ് ചെയ്യാമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന് സംരക്ഷണമൊരുക്കുന്നത് കോൺഗ്രസാണെന്ന വാദം സ്ഥിരീകരിക്കുകയാണ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയതിലൂടെ. ഇതിനിടെ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കും ഹർജി നൽകിയിട്ടുണ്ട് രാഹുൽ. പത്ത് ദിവസമായി രാഹുൽ ഒളിവിലാണ്. തമിഴ്നാട്- കർണാടക അതിർത്തിയായ ഹൊസൂരിലും ബംഗളുരു നഗരത്തിന് പുറത്തുള്ള ആഡംബരവില്ലയിലും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിഞ്ഞതായി വിവരം ലഭിച്ചിരുന്നു. എല്ലാ സഹായവുമെത്തിക്കുന്നത് കോൺഗ്രസ് നേതാക്കളായ ചില റിയൽ എസ്റ്റേറ്റുകാരാണെന്നും സൂചന ലഭിച്ചിരുന്നു. ഒളിവിൽ പോകാൻ സഹായിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. രാഹുലിനെ രക്ഷപെടാൻ സഹായിച്ച പാലക്കാട് ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് ഫസലിനെതിരെയും ഡ്രൈവർ ആൽബിനെതിരെയും കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
