സ്‌കാം കോളുകള്‍ക്കിടെ ഇനി ബാങ്കിങ് സേവനങ്ങള്‍ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിള്‍

Share our post

ന്യൂഡൽഹി :സ്‌കാം കോളുകള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പുകള്‍ തുറന്നാല്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകള്‍ മുന്നറിയിപ്പ് നല്‍കും. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ആന്‍ഡ്രോയിഡിന്റെ പ്രതിരോധം കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കാനാണ് ഇന്‍-കോള്‍ സ്‌കാം പ്രൊട്ടക്ഷന്‍ (in-call scam protection) എന്ന ഈ പുതിയ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും സൈബര്‍ തട്ടിപ്പുകളില്‍ സാധാരണയായി കണ്ടുവരുന്ന രീതിയാണ് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞു കൊണ്ട് ആളുകളെ വിളിക്കുകയും ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാതെ തന്നെ പണം കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകളെ തടയുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനം.

ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോളുകള്‍ വരുകയാണെങ്കില്‍ ബാങ്കിങ് ആപ്പ് ഓപ്പണ്‍ ആകുകയും ഉടന്‍ തന്നെ സ്‌ക്രീനില്‍ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഉടന്‍ തന്നെ കോള്‍ കട്ട് ചെയ്യുകയോ സ്‌ക്രീന്‍ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്. കോള്‍ തുടരുകയാണെങ്കില്‍ ഫോണില്‍ 30 സെക്കന്‍ഡ് നേരത്തേക്ക് തടസ്സം നേരിടും. ഇങ്ങനെ ഉണ്ടാകുമ്പോള്‍ തന്നെ ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കള്‍ക്ക് ട്രാന്‍സാക്ഷനില്‍ നിന്ന് പിന്മാറാവുന്നതാണ്. പണം നഷ്ടപ്പെട്ടതിനുശേഷം മാത്രം അപകടം തിരിച്ചറിയുന്ന നിരവധി ആളുകള്‍ക്ക് ഫീച്ചര്‍ ഏറെ ഗുണം ചെയ്യും. ആന്‍ഡ്രോയിഡ് 11-ലും അതിനുമുകളിലുമുള്ള ഫോണുകളില്‍ ഈ സുരക്ഷാ സംവിധാനം ലഭ്യമാണ്.

സ്‌ക്രീന്‍-ഷെയറിംഗ് തട്ടിപ്പുകള്‍ ചെറുക്കുന്നതിനായി ഗൂഗിള്‍ പേ, നവി, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകളുമായി സഹകരിച്ച് ഇന്ത്യയില്‍ ഒരു പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാത്തില്‍ കൊണ്ട് വരുന്നതായി ഗൂഗിള്‍ അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. യു.കെ. പോലുള്ള വിദേശ രാജ്യങ്ങളില്‍ ഫീച്ചര്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് ഇന്ത്യയിലും പരീക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!