വാഹനപ്രചാരണം: മോട്ടോർവാഹന നിയമം പാലിക്കണം
കണ്ണൂർ :പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർവാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥിക്ക് ഇരുചക്ര വാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല.
വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെർമിറ്റ് നൽകുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി / ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, ടാക്സ് അടച്ചതിന്റെ രേഖ, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് പെർമിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകേണ്ടത്.
വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്ക വിധം പ്രദർശിപ്പിക്കുകയും വേണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വീഡിയോ പ്രചരണ വാഹനം എന്നിവയെല്ലാം മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം.
പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നൽകിയ വാഹന പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം. വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദ്ദേശിച്ചു.
ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പോലീസിന് സാധ്യമാകത്തക്കവിധം പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയോ സ്ഥാനാർഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണം.
തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും, സ്ഥാനാർഥികളും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തുവാൻ പാടില്ല. ഒരു കക്ഷിയുടെ ചുവർപരസ്യങ്ങൾ മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്.
യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം. ഇവയിൽ നിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ അതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ് .
പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. തിരഞ്ഞെടുപ്പ് വേളയിൽ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്.
യോഗങ്ങൾ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി, അനുവദനീയമായ ശബ്ദത്തിൽ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിക്കാവൂ.
ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിക്കുകയും ആവശ്യമായ പോലീസ് ക്രമീകരണങ്ങൾക്കായി അതത് പ്രദേശത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കേണ്ടതുമാണ്.
ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളിൽ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകൾ പ്രാബല്യത്തിൽ ഉണ്ടോ എന്ന് സംഘാടകർ പരിശോധിക്കുകയും ഈ നിയന്ത്രണങ്ങൾ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നൽകിയിട്ടില്ലെങ്കിൽ അവ കൃത്യമായി പാലിക്കുകയും വേണം.
വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിൽ ജാഥ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം. ജാഥ വളരെ ദൈർഘ്യമേറിയതാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണം.
ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടുകയും ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പോലീസിന്റെ സഹായം തേടാവുന്നതാണ്.
ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ ജാഥയിൽ കൊണ്ട് പോകുന്നത് ഒഴിവാക്കുവാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.
മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങൾ നടത്തുന്നതും കുറ്റകരമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സമാധാനപൂർണമായിരിക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.
