വോട്ടർമാർ ഇരട്ടിയായി; സ്ഥാനാർഥികൾ നെട്ടോട്ടത്തിൽ

Share our post

തിരുവനന്തപുരം: കോർപ്പറേഷനിലെ തീരദേശ വാർഡുകളിൽ വോട്ടർമാരുടെ എണ്ണം കുത്തനെ കൂടിയതോടെ വോട്ടുതേടി സ്ഥാനാർഥികൾ നെട്ടോട്ടത്തിലാണ്. രണ്ടുമൂന്നു തവണയെങ്കിലും എല്ലാവരെയും നേരിട്ടുകാണാനുള്ള ശ്രമത്തിലാണ് വാർഡുകളിൽ മത്സരിക്കുന്ന മിക്ക സ്ഥാനാർഥികളും. എന്നാൽ, അനുവദനീയമായതിലും ഇരട്ടിയാണ് പല തീരദേശ വാർഡുകളിലും വോട്ടർമാരുടെ എണ്ണം. അനധികൃതമായ വാർഡുവിഭജനമാണ് സ്ഥാനാർഥികളെ വെട്ടിലാക്കിയതെന്നാണ് ആരോപണം. അതേസമയം കഴക്കൂട്ടം മണ്ഡലത്തിൽ പുതുതായി ആറ് വാർഡുകളുണ്ടാക്കിയതോടെ ഈ ഭാഗത്തെ പല വാർഡുകളിലും സാധാരണയുള്ളതിന്റെ പകുതി വോട്ടർമാരേയുള്ളൂ. ഇവിടത്തെ സ്ഥാനാർഥികൾക്ക് അത് ഗുണകരമാവുകയും ചെയ്തു. ബീമപള്ളി, പൂന്തുറ, വിഴിഞ്ഞം പോർട്ട് തുടങ്ങിയ തീരദേശ വാർഡുകളിൽ വോട്ടർമാർ മൂന്നിരട്ടി കൂടുതലാണ്. എല്ലാ വീടുകളിലും ഒരുതവണ കയറിയിറങ്ങാൻ ദിവസങ്ങൾ വേണ്ടിവരും എന്ന പരാതികളാണ് സ്ഥാനാർഥികൾ ഉന്നയിക്കുന്നത്. ഇവരുടെ നോട്ടീസും അഭ്യർഥനയും എത്തിക്കാൻതന്നെ സമയം എടുക്കുന്നു. അതേസമയം, ഇതിൽ നാലിലൊന്ന് ജനസംഖ്യ ഇല്ലാത്ത പുതിയ വാർഡുകളും ഇക്കൂട്ടത്തിലുണ്ട്. പാങ്ങപ്പാറ, കുഴിവിള, വെങ്ങാനൂർ, ചെട്ടിവിളാകം വാർഡുകളിൽ ഇതിന്റെ പകുതി വോട്ടർമാർപോലുമില്ല. ബീമാപള്ളിയിൽ 17234 വോട്ടർമാർ ഉള്ളപ്പോൾ പാങ്ങപ്പാറയിൽ 3208 വോട്ടർമാർ മാത്രമാണുള്ളത്. മറ്റ് വാർഡുകളിലെ സ്ഥാനാർഥികൾ മൂന്നുംനാലും തവണ മുഴുവൻ വീടുകളും കയറിയിറങ്ങുമ്പോൾ തീരദേശമേഖലയിലെ സ്ഥാനാർഥികൾക്ക് ഒറ്റത്തവണ മാത്രമാണ് വോട്ടർമാരെ കാണാനായത്. മുമ്പുണ്ടായിരുന്ന വാർഡുകൾ ഇല്ലാതാക്കി ഈ ഭാഗങ്ങൾ മറ്റ് വാർഡുകളിലേക്ക് കൂട്ടിച്ചേർത്തതാണ് പ്രശ്നം. പൂന്തുറ(14643), വിഴിഞ്ഞം(13306), പോർട്ട്(13908) എന്നിവിടങ്ങളിൽ വോട്ടർമാർ കൂടുകയും പാങ്ങപ്പാറ (3208), കുഴിവിള(4531), വെങ്ങാനൂർ(4448), ചെട്ടിവിളാകം(4585) എന്നിവിടങ്ങളിൽ വോട്ടർമാർ കുറയുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!