‘ദിവ്യഗർഭം ധരിപ്പിക്കാ’മെന്നു പറഞ്ഞ് പീഡനം; ‘ആത്മീയ യൂട്യൂബർ’ അറസ്റ്റിൽ
മലപ്പുറം: ‘ദിവ്യ ഗർഭം ധരിപ്പിക്കാ’മെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗംചെയ്തയാൾ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്തുനിന്ന് കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഒരു ആത്മീയ യൂട്യൂബ് ചാനൽ വഴിയാണ് സജിൻ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. ആഭിചാരക്രിയ വശമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാൾക്കെതിരേ സമാന കേസുകൾ വേറെയുമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി സ്ത്രീകൾ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവന്നതായാണ് വിവരം.
