മാങ്കൂട്ടത്തിലിന്റെ ലൈം​ഗിക ചൂഷണം: മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; തെളിവുകൾ കൈമാറി

Share our post

തിരുവനന്തപുരം: ​കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈം​ഗികചൂഷണത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. ബന്ധുക്കള്‍ക്കൊപ്പം സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് യുവതി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകൾ അടക്കം യുവതി കൈമാറിയെന്നാണ് വിവരം. മാങ്കൂട്ടത്തിലിനെ ഉടന്‍ ചോദ്യം ചെയ്യും. വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികചൂഷണം നടത്തുകയും, പിന്നീട് ​ഗർഭഛി​ദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും യുവതി പരാതിപ്പെട്ടു. യുവതിക്കും ​ഗർഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തിൽ കൊലവിളി നടത്തുന്നതിന്റെയും ഗർഭഛി​ദ്രത്തിന് നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇവയൊന്നും നിഷേധിക്കാൻ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും, 18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നുംകാട്ടി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിൽവെച്ചാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!