കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പ്രവൃത്തി അന്തിമ ഘട്ടത്തിൽ
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നാലു മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി എതാനും മാസം മുമ്പ് കിയാൽ എം.ഡി സി.ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തിയിരുന്നു. വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലും പരിസര പ്രദേശങ്ങളിലുമാണ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുക. കിയാലും ഓറിയാന പവർ എന്ന കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിലെ വൈദ്യുതി ചാർജ് ഇനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാക്കാൻ സോളാർ പദ്ധതി പ്രകാരം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും വൈദ്യുതി ഇനത്തിൽ കിയാൽ കമ്പനിക്ക് ഭാരിച്ച ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതിന് പരിഹാരം എന്ന നിലയിലാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന മൂന്ന് ഇടങ്ങളിലാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. പാനലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ നിർമാണം പൂർത്തിയാകും.
