നാരി ശക്തി’ ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക്, വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു
തിരുവനന്തപുരം :ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളിലേക്ക് വനിതാ കേഡറുകളെ ഉള്‍പ്പെടുത്തുന്നത് സൈന്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ സേനാ വിഭാഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ചില ബറ്റാലിയനുകളിലേക്ക് മാത്രമായിരിക്കും സ്ത്രീകളെ പരിഗണിക്കുക. പിന്നീട് കൂടുതല്‍ ബറ്റാലിയനിലേക്ക് ദീര്‍ഘിപ്പിക്കാനുമാണ് പദ്ധതിയെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സായുധ സേനയിലെ ‘നാരി ശക്തി’ വര്‍ധിപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് തീരുമാനം. സേനാ വിഭാഗങ്ങളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ഒരു പ്രക്രിയയാണെന്നും ഇക്കാര്യം നിരന്തരം പരിശോധിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ 2022 ല്‍ രാജ്യ സഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിലവില്‍, ഇന്ത്യന്‍ കരസേനയുടെ കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ്, കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സ്, ആര്‍മി എയര്‍ ഡിഫന്‍സ്, ആര്‍മി സര്‍വീസ് കോര്‍പ്‌സ്, ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ്, കോര്‍പ്‌സ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ്, ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സ്, ഇന്റലിജന്‍സ് കോര്‍പ്‌സ്, ജഡ്ജി അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച്, ആര്‍മി എഡ്യൂക്കേഷന്‍ കോര്‍പ്‌സ്, ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് എന്നിവയിലാണ് വനിതകള്‍ക്ക് അവസരമുള്ളത്. ഇന്ത്യയുടെ ഒരു ഭാഗിക സമയ, സന്നദ്ധ സൈനിക സേന എന്ന നിലയിലാണ് ടെറിട്ടോറിയല്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത്. സൈന്യത്തിന്റെ രണ്ടാം നിര പ്രതിരോധ സംവിധാനമായി വിലയുരുത്തന്ന ടെറിടോറിയല്‍ ആര്‍മിയില്‍ പ്രാഥമിക തൊഴില്‍ ഉള്ള സാധാരണ പൗരന്മാര്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ സാധാരണ സൈന്യത്തെ സഹായിക്കുക, പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുക, അല്ലെങ്കില്‍ സാധാരണ സൈന്യത്തിന് അധിക യൂണിറ്റുകള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
