ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല

Share our post

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന ഉടമകളുടെ മൊബൈല്‍നമ്പറാണ് ആര്‍സിയുമായി പരിവാഹന്‍ മുഖേന ലിങ്ക് ചെയ്യേണ്ടത്. നിലവില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഏതെങ്കിലുമൊരു മൊബൈല്‍നമ്പര്‍ പരിശോധനകേന്ദ്രത്തില്‍ നല്‍കിയാല്‍ മതി. എന്നാല്‍, പുതിയ സംവിധാനം വരുന്നതോടെ ലിങ്ക് ചെയ്ത മൊബൈല്‍നമ്പറില്‍ ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റില്‍ നല്‍കണം. എന്നാല്‍മാത്രമേ പരിവാഹന്‍ വെബ്സൈറ്റില്‍നിന്ന് പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുകയുള്ളൂ. പുതിയ ഒടിപി സംവിധാനം വരുന്നതിന്റെ മുന്നോടിയായി ഇതിന്റെ ട്രയല്‍ റണ്‍ ഞായറാഴ്ച വൈകീട്ട് നാലുമുതല്‍ ഏഴുവരെ നടന്നു. ഈ സമയം പല വാഹനങ്ങള്‍ പരിശോധനയ്ക്കായി എത്തിയെങ്കിലും മൊബൈല്‍നമ്പര്‍ ലിങ്ക് ചെയ്യാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് നമ്പര്‍ ലിങ്ക് ചെയ്യുന്നതിനായി ഞായറാഴ്ചമുതല്‍ രണ്ടുദിവസം സമയം അനുവദിച്ചിരുന്നു.എന്നാല്‍, അടിയന്തരമായി നിര്‍ബന്ധമാക്കണമെന്ന കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചതന്നെ ഒടിപി സംവിധാനം നിലവില്‍ കൊണ്ടുവരുകയായിരുന്നു. പുറം സംസ്ഥാനങ്ങളില്‍നിന്നടക്കം കൊണ്ടുവരുന്ന ചില വാഹനങ്ങളും പഴക്കമുള്ള ചില വാഹനങ്ങളും ആര്‍സി, മൊബൈല്‍നമ്പറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ 2350 പുകപരിശോധന സെന്ററുകളാണുള്ളത്. ഇതില്‍ 48 സെന്ററുകള്‍ പുക പരിശോധിക്കുമ്പോള്‍ വാഹന ഉടമകളുടെ നമ്പര്‍ വ്യാജമായി നല്‍കിയതിനാല്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. മൊബൈല്‍നമ്പര്‍ ലിങ്ക് ചെയ്താല്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. അതിനുപുറമേ വാഹനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പിഴ ഈടാക്കിയാല്‍ ലിങ്ക് ചെയ്ത മൊബൈല്‍നമ്പറിലേക്ക് അറിയിപ്പ് വരുമ്പോള്‍ ഉടമകള്‍ക്ക് തിരിച്ചറിയാനും സാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ പുതിയ ഒടിപി സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്ന് എന്‍ഐസി കേരള ഡയറക്ടര്‍ പ്രദീപ് സിങ് പറഞ്ഞു. അതിനാല്‍, മൊബൈല്‍നമ്പര്‍ ലിങ്ക് ചെയ്യാത്ത വാഹന ഉടമകള്‍ക്ക് ചൊവ്വാഴ്ചമുതല്‍ പുകസര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പല സംസ്ഥാനങ്ങളിലും ഇത് നേരത്തേ നടപ്പാക്കിയിട്ടുണ്ടെന്നും അവിടെ പൂര്‍ണ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!