വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതിതടസ്സമുണ്ടായാല്‍ രാത്രിയിലടക്കം ഉടന്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് മുഴുവന്‍സമയ സേവനം ലഭ്യമാക്കാന്‍ കെഎസ്ഇബി. ഇതിനായി 741 സെക്ഷന്‍ ഓഫീസുകളിലും വൈദ്യുതി പുനഃസ്ഥാപന ടീം (എസ്ആര്‍ടി) സജ്ജമാക്കും. ഫീല്‍ഡ് ജീവനക്കാര്‍ക്ക് മൂന്നുഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കും. നിലവില്‍ സംസ്ഥാനത്തെ 29 സെക്ഷന്‍ ഓഫീസുകളില്‍ മാത്രമാണ് എസ്ആര്‍ടി ഉള്ളത്. പുതിയ സംവിധാനത്തിനായി ഫീല്‍ഡിലുള്ള 11,841 ജീവനക്കാരുടെ ജോലിസമയത്തില്‍ ക്രമീകരണം വരുത്തും. 741 അസി. എന്‍ജിനിയര്‍മാര്‍, 1,482 സബ് എന്‍ജിനിയര്‍മാര്‍, 3,278 ഓവര്‍സിയര്‍മാര്‍, 6,350 ലൈന്മാന്മാര് എന്നിവരുടെ സേവനമാണ് പുനഃക്രമീകരിക്കുക.
രാവിലെ ഏഴുമുതല്‍ ഉച്ചതിരിഞ്ഞ് രണ്ടുവരെയും രണ്ടുമുതല്‍ രാത്രി ഒന്പതുവരെയും ഒന്പതുമുതല് പുലര്‍ച്ചെ ഏഴുവരെയുമായിരിക്കും ജോലിസമയം. ഓരോ ഷിഫ്റ്റിലും രണ്ട് ലൈന്‍മാന്‍മാരെയും ഒരു ഓവര്‍സിയറെയും സ്ഥിരമായി ഉള്‍പ്പെടുത്തും.പ്രകൃതിക്ഷോഭംപോലുള്ള അടിയന്തര അവസരങ്ങളില്‍ ആവശ്യമായിവന്നാല്‍ ഓഫ് ഡ്യൂട്ടിയുള്ളവരുടെയും മറ്റ് ഷിഫ്റ്റുകളിലുള്ളവരുടെയും സേവനവും ഉപയോഗിക്കും. റവന്യൂവിഭാഗത്തെ ഫീല്‍ഡ് ജോലികളില്‍ നിന്ന് ഒഴിവാക്കും. അടിയന്തരഘട്ടങ്ങളില്‍ മാത്രം റവന്യൂ സബ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. മുഴുവന്‍സമയ ഫീല്‍ഡ് ജോലിക്കാവശ്യമായ വാഹനങ്ങളും ഡ്രൈവര്‍മാരെയും സജ്ജീകരിക്കും. വൈദ്യുതി തടസ്സ സന്ദേശങ്ങള്‍ ടീമിന്റെ ചുമതലയുള്ള ഓവര്‍സിയര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വാട്സാപ്പ് വഴിയോ കൈമാറും. ഫോണ്സംവിധാനവും ഒരുക്കും. ഹൈടെന്‍ഷന്‍ ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് സബ് എന്ജിനിയറാവും മേല്‍നോട്ടം വഹിക്കുക. കണക്ഷനുകളുെട അടിസ്ഥാനത്തില്‍ സെക്ഷന്‍ ഓഫീസുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാവും ജീവനക്കാരെ വിന്യസിക്കയെന്നും അധികൃതര്‍ പറഞ്ഞു.
