അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പത്തനംതിട്ട എരുമേലിക്ക് സമീപം കണമലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു.കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് വിവരം. ഇന്ന് തിരുവനന്തപുരത്തും ശബരിമലയിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടമുണ്ടായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തിരിച്ചുവരുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.ശബരിമലയിൽ വൻ തിരക്ക്അതേസമയം, ശബരിമല സന്നിധാനത്ത് വൻതിരക്കാണ് അനുഭവപ്പെടുന്നത്. ദര്‍ശന സമയം അടക്കം ഇന്ന് രണ്ടുമണിവരെ നീട്ടിയിരുന്നു. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തി. സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നുണ്ട്. ഈ തീർത്ഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്.സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.
