കണ്ണൂർ കോർപ്പറേഷന്റെ ബഹുനില കാർ പാർക്കിങ് കേന്ദ്രത്തിൽ വാഹനങ്ങളെത്തുന്നില്ല
കണ്ണൂർ : നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായി ബഹുനില കാർ പാർക്കിങ് സമുച്ചയം മാറുമെന്നാണ് കരുതിയതെങ്കിൽ അത് തെറ്റി. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച സൗജന്യമായി പ്രവേശനം നൽകിയിട്ടും ജവാഹർ സ്റ്റേഡിയത്തിന് മുന്നിലെ സ്വാതന്ത്ര്യസ്മാരക സ്തൂപത്തിന് സമീപം തുറന്ന ബഹുനില സമുച്ചയത്തിലെത്തുന്നത് പത്തിൽ താഴെ വാഹനങ്ങൾ മാത്രം. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോഴാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച സംവിധാനത്തോടുള്ള അവഗണന. ഈ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥാനം ശരിയല്ലാത്തതും സുരക്ഷിതത്വത്തിലുള്ള ആശങ്കയുമാണ് വാഹനങ്ങളുടെ വരവിന് തടസ്സമാകുന്നതെന്നാണ് പൊതുവെ ഉയരുന്ന വാദം. നവംബർ ഒന്നിന് തുറന്ന കെട്ടിടത്തിൽ ഒരാഴ്ചത്തേക്ക് പാർക്കിങ് സൗജന്യമെന്ന ഓഫർ നൽകിയിട്ടും പാർക്കിങ്ങിന് ആളുകൾക്ക് താത്പര്യക്കുറവാണ്. അതേസമയം പലയിടത്തായി അനധികൃത പാർക്കിങ് തുടരുന്നുമുണ്ട്.
വെള്ളിയാഴ്ച നടന്ന സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ മത്സര ദിവസത്തിലും സ്റ്റേഡിയത്തിലെത്തിയവർക്ക് കെട്ടിടത്തിൽ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയെങ്കിലും അതും ഫലം കണ്ടില്ല. ബാങ്ക് റോഡ് പീതാംബര പാർക്കിലും ബഹുനില പാർക്കിങ് കേന്ദ്രം തുറക്കുന്നുണ്ട്. രണ്ടിടത്തായി 12.4 കോടി ചെലവിലാണ് പാർക്കിങ് കേന്ദ്രം പണിതത്. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് ആവശ്യത്തിനുള്ള പാർക്കിങ് സ്ഥലമില്ലാത്ത പ്രശ്നം ഇതോടെ ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നാണ് മേയർ പറഞ്ഞിരുന്നത്. ജവാഹർ സ്റ്റേഡിയത്തിനു സമീപം ആറുനിലകളിലായി നാല് യൂണിറ്റുകളാണുള്ളത്. ഓരോ നിലയിലും 31 കാറുകൾ വീതം പാർക്ക് ചെയ്യാം. ഒരേസമയം 124 കാറുകൾ നിർത്താനുള്ള സൗകര്യമുണ്ട്. ഓരോ നിലയിലും കൃത്യമായ റൊട്ടേഷനിലൂടെയാണ് വാഹനനങ്ങൾ പാർക്കു ചെയ്യുന്നത്. വാഹനങ്ങൾ താഴേക്ക് ഇറക്കുന്നതിന് മാത്രമായി പ്രത്യേക റാക്കും ഉണ്ട്. മൂന്ന് മിനുട്ടാണ് പാർക്കിങ്ങിനായി എടുക്കുന്ന സമയം. രണ്ടുമണിക്കൂർ നിർത്തിയിടാൻ 30 രൂപയാണ്.
നിലവിൽ കോർപ്പറേഷനിലെ നാല് ജീവനക്കാരുണ്ട്. ആറു മണിക്കൂറാണ് ഒരാളുടെ സമയം. പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അതിനൂതന ബഹുനില കാർ പാർക്കിങ് കേന്ദ്രം കരാറെടുത്ത് പൂർത്തിയാക്കിയത്. പ്രവർത്തനങ്ങൾ പഠിച്ചുവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ പാർക്കിങ്ങിനായി എത്തുമെന്നാണ് പ്രതീക്ഷയെന്നും കോഡിനേറ്ററായ വി. സിന്ധു പറഞ്ഞു. പാർക്കിങ്ങിനെക്കുറിച്ച് ആളുകൾ മനസ്സിലാക്കി സമുച്ചയത്തിൽ എത്തുന്നതോടെ നഗരത്തിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്നത്തിനും പരിഹാരമാകുമെന്നു അധികൃതർ പറയുമ്പോഴും ബഹുനില പാർക്കിങ്ങിനോടുള്ള അശങ്കയും പേടിയും കൊണ്ടാണ് പാർക്കിങ്ങിന് ആളുകളെത്താത്തതെന്നാണ് പറയുന്നത്.
