വധശ്രമക്കേസില്‍ വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റില്‍
കാഞ്ഞങ്ങാട്: വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. പുല്ലൂര്‍ അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ എ എം ഹമീദ് (56), അല്‍ത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് ഉഡുപ്പി ഹെബ്രിയില്‍ വെച്ച് പിടികൂടിയത്. അമ്പലത്തറ സ്വദേശികളായ മുനീര്‍, സമീര്‍ എന്നിവരെ സംഘം ചേര്‍ന്ന് വാള് കൊണ്ട് വെട്ടിയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നും നാലും പ്രതികളാണിവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം മനസിലാക്കി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 2021ലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി വൈ എസ് പി വി വി മനോജിന്റെ മേല്‍നോട്ടത്തില്‍ അമ്പലത്തറ ഇന്‍സ്പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ എ എസ് ഐമാരായ ജയരാജന്, ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബു, രതീശന് ,സ്പെഷ്യല്‍ സ്ക്വാഡ് അംഗമായ എം വി നിഖില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
