മാതൃകാ പെരുമാറ്റച്ചട്ടം: ജില്ലാതല മോണിറ്ററിംഗ് സമിതി രൂപവത്കരിച്ചു

Share our post

കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11 ന് നടത്തുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം നവംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചും മറ്റും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുന്നതിനും പരാതികളിൽ ഉടൻ പരിഹാര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ സമിതിയുടെ കൺവീനർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ അരുൺ ആണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. കെ. ബിനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് എന്നിവരാണ് സമിതി അംഗങ്ങൾ. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കുറ്റക്കാർക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും കമ്മിറ്റി രൂപവത്കരിച്ചു കൊണ്ടുള്ള ഉത്തരവിൽ ജില്ലാ കളക്ടർ വ്യക്തമാക്കി. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷൻ്റെ ഇടപെടൽ ആവശ്യമുള്ള പക്ഷം റിപ്പോർട്ട് സഹിതം അവ ഉടൻ തന്നെ കമ്മീഷനിലേക്ക് മേൽ നടപടികൾക്കായി അയക്കേണ്ടതാണ്. ജില്ലാ മോണിറ്ററിംഗ് സമിതി യോഗം രണ്ട് ദിവസങ്ങളിൽ ഒരിക്കൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ അടിയന്തര പ്രാധാന്യമുള്ള സന്ദർഭങ്ങളിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടി സ്വീകരിക്കേണ്ടതാണെന്നും വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!