തലശേരി കോടതിയിലെ ലിഫ്റ്റുകൾ പണിമുടക്കിൽ
തലശ്ശേരി: ജില്ല കോടതി സമുച്ചയത്തിൽ സ്ഥാപിച്ച ലിഫ്റ്റുകൾ ഇടക്കിടെ തകരാറിലാവുന്നത് ആശങ്കയുണർത്തുന്നു. കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ പലതവണ ലിഫ്റ്റുകൾ തകരാറിലായി. അഭിഭാഷകരും ജീവനക്കാരുമുൾപ്പെടെ ലിഫ്റ്റിൽ കുടുങ്ങി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിലവാരമില്ലാത്ത ഈ ലിഫ്റ്റുകൾ മാറ്റി സുരക്ഷിതമായ ലിഫ്റ്റുകളോ എസ്‌കലേറ്ററോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
നാല് ലിഫ്റ്റുകളുമാണ് കോടതി സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ ജഡ്ജിമാർക്ക് പ്രത്യേകമായി ഉപയോഗിക്കാവുന്നതാണ് രണ്ടെണ്ണം. 408 കിലോ ഭാരം താങ്ങുന്ന ഈ ലിഫ്റ്റുകളിൽ ആറ് പേർക്കാണ് പ്രവേശനം. അഭിഭാഷകർക്കും ജീവനക്കാർക്കും കക്ഷികൾക്കും ഉപയോഗിക്കാവുന്നതാണ് മറ്റുള്ളവ. ഇതിൽ ഒരേ സമയം 16 പേർക്ക് കയറാം. ഒക്ടോബർ 29ന് ജഡ്ജിമാർക്കുളള ലിഫ്റ്റ് അപകടത്തിൽപെട്ട് ആറ് അഭിഭാഷകർക്ക് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. ഈ സംഭവത്തിന് ശേഷവും ലിഫ്റ്റിൽ അപകടസാധ്യത നിലനിൽക്കുകയാണ്.
ജനുവരി 25നാണ് കോടതിയുടെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്‌തത്. അന്നുമുതൽ തന്നെ ലിഫ്റ്റിന്റെ പ്രവർത്തനം ഇടക്കിടെ തകരാറാവുന്നന്നത് പതിവാണ്. പത്ത് കോടതികളും പ്രോസിക്യൂട്ടർമാരുടെ ഓഫിസുകളും ബാർ അസോസിയേഷനും പോസ്റ്റോഫിസും ബാങ്കും ഫെസിലിറ്റേഷൻ സെന്ററും കോഫി ഹൗസ് ഉൾപ്പെടെ 20 സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആറ് സെഷൻസ് കോടതികളും രണ്ട് മജിസ്ട്രേറ്റ് കോടതികളും കുടുംബ കോടതിയും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കയറിയെത്താൻ നിരന്തരം ഇടതടവില്ലാതെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്.
14 കോടതികളിലും ദിവസം ശരാശരി 50 കേസുകൾ എന്ന് കണക്കാക്കിയാൽ 700 കേസുകൾ ഉണ്ടാവും. ഓരോ കേസിലും ഹാജരാവുന്ന അഭിഭാഷകരും കക്ഷികളും സാക്ഷികളും കൂടി ശരാശരി മൂന്ന് എന്ന് കണക്കാക്കിയാൽ 2100 പേർ വരും. ഇവർക്കെല്ലാം കൂടി യാത്രചെയ്യാൻ ലഭ്യമായിട്ടുള്ളത് 16 പേർക്ക് കയറാവുന്ന രണ്ട് ലിഫ്റ്റുകളാണ്. അതിലൊന്ന് ഫയർ ലിഫ്റ്റാണ്. രാവിലെ 11 നാണ് കോടതി നടപടികൾ തുടങ്ങുന്നത്.
10.45 മുതൽ 11 വരെ 15 മിനിറ്റുകൊണ്ട് ഇത്രയും ആളുകൾ എങ്ങനെ കോടതിയിലെക്കുമെന്ന് ചോദ്യമുയരുന്നു. ഈ സമയത്ത് അഭിഭാഷകരും കക്ഷികളും അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. കേസ് വിളിക്കുന്ന സമയത്ത് കോടതിമുറിയിൽ എത്താൻ കഴിയാതിരുന്നാൽ ക്രിമിനൽ കേസുകളിൽ പ്രതികൾക്കും സാക്ഷികൾക്കും അറസ്റ്റ് വാറണ്ടാവുകയും പ്രതികളുടെ ജാമ്യം റദ്ദാവുകയും ചെയ്യും.
