ഗുരുവായൂർ ഏകാദശി: കണ്ണന്റെ സന്നിധി ഇന്ന് ദീപപ്രഭയിലാകും
ഗുരുവായൂർ: ഗുരുവായൂരിൽ വ്യാപാരികളുടെ ഏകാദശിവിളക്കിന് യുവനിരയുടെ ഇരട്ടത്തായമ്പക ആവേശം തീർത്തു. ചൊവ്വാഴ്ച രാവിലെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ചെറുതാഴം വിഷ്ണുരാജും കല്ലേക്കുളങ്ങര ആദർശുമാണ് കൊട്ടിക്കയറിയത്. രാജു തോട്ടക്കര, കാർത്തിക് ജെ. മാരാർ (ഇടന്തല), ഗുരുവായൂർ കൃഷ്ണപ്രസാദ്, കോട്ടപ്പുറം വിഘ്‌നേഷ്, കൃഷ്ണപ്രസാദ് മാരാർ, വിഷ്ണുപ്രസാദ് മാരാർ (വലന്തല), ചേലക്കര രമോജ്, ഗുരുവായൂർ പ്രദീപ്, കല്ലേക്കുളങ്ങര ശ്രീക്കുട്ടൻ, കുറുവേലി നിഖിൽ (താളം) എന്നിവരടങ്ങിയ യുവകലാകാരൻമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി.
ഗുരുവായൂർ ജ്യോതിദാസ്, ഗുരുവായൂർ വാസുദേവക്കുറുപ്പ് എന്നിവരുടെ അഷ്ടപദി, ജി.വി. രാമനാഥൻ നയിച്ച ഗുരുവായൂർ ഭജനമണ്ഡലിയുടെ സമ്പ്രദായഭജന, തിരുവനന്തപുരം കലാക്ഷേത്രയുടെ ‘ശ്രീകൃഷ്ണഭാരതം’ ബാലെ, വ്യാപാരി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവയുണ്ടായി. ക്ഷേത്രത്തിൽ കാഴ്‌ചശ്ശീവേലിക്ക് ചൊവ്വല്ലൂർ മോഹനൻ വാര്യരുടെ മേളവും പല്ലാവൂർ ശ്രീധരൻ മാരാരുടെ പഞ്ചവാദ്യവുമായിരുന്നു.
ബുധനാഴ്‌ച ഗുരുവായൂർ അയ്യപ്പഭജനസംഘത്തിന്റെ വിളക്കിന്റെ ഭാഗമായി കണ്ണന്റെ സന്നിധിയാകെ ദീപപ്രഭയിലാകും. ക്ഷേത്രനടകളിലെല്ലാം ആയിരക്കണക്കിന് നിലവിളക്കുകളിലും ചെരാതുകളിലും തിരികൾ തെളിയും. ക്ഷേത്രത്തിൽ ശീവേലിക്കു ഗുരുവായൂർ ശശിമാരാർ മേളം നയിക്കും. വ്യാഴാഴ്ച ഗുരുവായൂർ പരുവക്കാട്ട് കുടുംബം വക ചുറ്റുവിളക്കാണ്.
