ഇന്ത്യയിലെ 99% ഹൃദയാഘാത കേസുകൾക്ക് പിന്നിലും ഈ നാല് കാരണങ്ങൾ
ഇന്ത്യയിലെ ആളുകളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഹൃദ്രോഗം. 2014-നും 2019-നും ഇടയിൽ ഹൃദയാഘാത കേസുകളിൽ ഏകദേശം 50% വർധനവുണ്ടായതായാണ് കണക്കുകൾ. മാറുന്ന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതരീതി, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗാവസ്ഥകളുടെ വർധിച്ചുവരുന്ന വ്യാപനം എന്നിവയാണ് ഇതിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊറോണറി ധമനിയിൽ ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നതുമൂലം ഹൃദയപേശികളിൽ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ തടസ്സം ഹൃദയത്തിലെ ടിഷ്യുകൾക്ക് ഓക്സിജൻ ലഭിക്കുന്നത് ഇല്ലാതാക്കുകയും കോശങ്ങൾ നശിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഇപ്പോഴിതാ, ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് വർഷങ്ങളോളം പല അപകട ഘടകങ്ങളുമുണ്ടായിരിക്കാമെന്ന് പറയുകയാണ് ഡോ. സുധീർ കുമാർ. രാജ്യത്ത 9% ഹൃദയാഘാത, പക്ഷാഘാത കേസുകളും സംഭവിക്കുന്നത് തിരിച്ചറിയപ്പെടാതെ പോകുന്ന അപകടസാധ്യതാ ഘടകങ്ങളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അപകടസാധ്യതകൾ
ഉയർന്ന രക്തസമ്മർദ്ദം
ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ ധമനികളെ തകരാറിലാക്കുന്നു. ഇത് രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നതിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു
ഉയർന്ന കൊളസ്ട്രോൾ
എൽഡിഎൽ (LDL) കൊളസ്ട്രോളിന്റെ ഉയർന്ന അളവ് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുന്നു.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് (പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ്)
ഗ്ലൂക്കോസിന്റെ ഉയർന്ന അളവ് രക്തക്കുഴലുകളെ ബാധിക്കും. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
പുകവലി
പുകയിലയുടെ ഉപയോഗം ഹൃദയത്തെയും രക്തക്കുഴലുകളെയും പ്രതികൂലമായി ബാധിക്കുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക).
