തലശേരി അമ്മയും കുഞ്ഞും 
ആശുപത്രിപുതുവർഷ സമ്മാനമാകും

Share our post

തലശേരി: കണ്ടിക്കലിലെ നിർദിഷ്‌ട അമ്മയും കുഞ്ഞും ആശുപത്രി എൽഡിഎഫ്‌ സർക്കാർ തലശേരിക്ക്‌ സമർപ്പിക്കുന്ന പുതുവർഷ സമ്മാനമാകും. ഏഴുനില കെട്ടിടത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്‌. തേപ്പും തറയിൽ ടൈൽ വിരിക്കലും പ്ലംബിങ്ങും വയറിങ്ങും അവസാനഘട്ടത്തിലാണ്‌. 60.84 കോടി രൂപ ചെലവിലാണ്‌ അമ്മയും കുഞ്ഞും ആശുപത്രി പണിയുന്നത്‌. 1,16,560 സ്‌ക്വയർ ഫീറ്റ്‌ വിസ്‌തൃതിയിലാണ്‌ കെട്ടിടം. ഊരാളുങ്കൽ സൊസൈറ്റിക്കാണ്‌ കരാർ. ആശുപത്രിക്കാവശ്യമായ ബെഡിനും ഫർണിച്ചറിനും മറ്റുമുള്ള പ്രപ്പോസലും സർക്കാറിന്‌ സമർപ്പിച്ചിട്ടുണ്ട്‌. സ്‌പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം അവലോകന യോഗം ചേർന്നിരുന്നു. സ്‌പെഷ്യൽ ഓഫീസർ ഡോ. സി പി ബിജോയിയും പൊതുമരാമത്ത്‌ വകുപ്പിന്റെയും ഉ‍ൗരാളുങ്കൽ സൊസൈറ്റിയുടെയും പ്രതിനിധികളും പങ്കെടുത്ത യോഗം നിർമാണ പുരോഗതി വിലയിരുത്തി. നിശ്‌ചയിച്ച സമയപരിധിക്കുമുന്പ്‌ നിർമാണം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ കരാറുകാർ. 2021 ഫെബ്രുവരി 20ന്‌ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്‌ പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തത്‌. കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ ജനകീയമായി ഫണ്ട്‌ സമാഹരിച്ചാണ്‌ അമ്മയും കുഞ്ഞും ആശുപത്രിക്ക്‌ സ്ഥലമെടുത്തത്‌. ​ കോടിയേരി മോഡൽ 
വികസനം വികസനത്തിന്റെ കോടിയേരി മോഡലെന്നാണ്‌ -അമ്മയും കുഞ്ഞും ആശുപത്രി സ്ഥലമെടുപ്പിനുള്ള ജനകീയ കൂട്ടായ്‌മയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്‌. ആശുപത്രി സ്ഥലമെടുപ്പിനായി രാഷ്‌ട്രീയഭേദമില്ലാതെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച്‌ മുൻമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഫണ്ട്‌ സമാഹരണത്തിലാണ്‌ ആശുപത്രിക്ക്‌ സ്ഥലമെടുത്തത്‌. ഒറ്റദിവസം കൊണ്ട്‌ 1.69 കോടി രൂപ ശേഖരിച്ചു. ആകെ 3.5 കോടി രൂപ സമാഹരിച്ചാണ് അമ്മയും കുഞ്ഞും ആശുപത്രിക്കായി കണ്ടിക്കലിൽ 2.52 ഏക്കർ സ്ഥലം ഏറ്റെടുത്തത്‌. കിഫ്‌ബി -ഫണ്ട്‌ ഉപയോഗിച്ചാണ്‌ ആശുപത്രി നിർമാണം. കണ്ടിക്കലിൽ തലശേരി–മാഹി ബൈപ്പാസിനരികിലാണ്‌ ആശുപത്രി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!