ആധാരത്തിന് കേടുപാട്: നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കണ്ണൂർ: 2018ലെ പ്രളയത്തിൽ ആധാരത്തിന് കേടുപാടുകൾ സംഭവിച്ചതിൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. കണ്ണൂർ എൽ.ഐ.സി ഹൗസിങ് ഫിനാൻസ് സ്ഥാപനത്തിനെതിരെ കുടുക്കിമൊട്ട-പുറവൂർ സ്വദേശിയായ ഹാഷിം വി.സി. നൽകിയ പരാതിയിലാണ് കോടതി വിധി. 2016 സെപ്റ്റംബറിലായിരുന്നു 20 ലക്ഷം രൂപ എൽ.ഐ.സി എച്ച്.എഫ്.എൽ നിന്നും ഹാഷിം ഹൗസിങ് ലോൺ എടുത്തത്. 2024 ആഗസ്റ്റ് മാസം ലോൺ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിനായി എൽ.ഐ.സി എച്ച്.എഫ്.എൽ ഓഫിസിലെത്തി ഒപ്പിടൽ നടപടിക്രമങ്ങൾ കഴിഞ്ഞതിന് ശേഷം ആധാരമടങ്ങിയ കവർ തുറന്ന് നോക്കുമ്പോഴാണ് ആധാരത്തിന് നാശനഷ്ടങ്ങൾ സംഭവിച്ച വിവരം അറിയുന്നത്.പ്രളയം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ആധാരത്തിന് കേടുപാടുകൾ സംഭവിച്ച കാര്യം എൽ.ഐ.സി എച്ച്.എഫ്.എൽ ആധാര ഉടമയെ അറിയിച്ചിരുന്നില്ല. ഈ ഗുരുതര വീഴ്ചക്കെതിരെയാണ് ഹാഷിം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അഭിഭാഷകന്റെ സഹായമില്ലാതെ സ്വന്തമായി വാദിച്ചാണ് ആറു മാസത്തിലധികം നീണ്ട നിയമ നടപടികൾക്കൊടുവിൽ ഉപഭോക്തൃ കോടതി ഹാഷിമിന് 35,000 രൂപ എൽ.ഐ.സി എച്ച്.എഫ്.എൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്.
