പഞ്ചായത്തംഗമായി പത്തു വർഷം തികച്ചു; ശ്രീദേവി ഇനി ഐടിഐ വിദ്യാർഥിനി
പറവൂർ: തുടർച്ചയായി 10 വർഷം പഞ്ചായത്തംഗമായി സേവനം പൂർത്തിയാക്കിയ വീട്ടമ്മ ശ്രീദേവി സനോജ് യൂണിഫോം അണിഞ്ഞ് ക്ലാസ് മുറിയിലെ ബെഞ്ചിൽ വിദ്യാർഥിനിയായി മാറി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോൾ. വടക്കേക്കര പഞ്ചായത്ത് നാലാം വാർഡ് അംഗത്വം അവസാനിക്കുന്ന ഘട്ടത്തിൽ തന്നെ അവർ മൂത്തകുന്നം എസ്എൻഎം ഐടിഐയിൽ ദ്വിവത്സര ഡ്രാഫ്റ്റ്സ്മാൻ സിവിൽ കോഴ്സിനു ചേർന്ന് പഠനം ആരംഭിച്ചുകഴിഞ്ഞു. ഇനി മത്സരരംഗത്ത് തത്കാലമില്ല. പഠനം പൂർത്തിയാക്കി പരീക്ഷ പാസാകണം. അതിനുശേഷം സ്വന്തമായി ഒരു വരുമാന മാർഗം ആർജിക്കണം. ശ്രീദേവി തന്റെ ഇനിയുള്ള ഭാവിപദ്ധതി വ്യക്തമാക്കി. പഠനത്തോടെന്നും ഏറെ ഇഷ്ടമുള്ള ഇവർ തന്റെ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി പൊതുപ്രവർത്തനത്തിന് അവധി നൽകി 42-ാം വയസ്സിൽ വിദ്യാർഥിനിയായിരിക്കുകയാണ്. മാല്യങ്കര എസ്എൻഎം കോളേജിൽ നിന്ന് പ്രീഡിഗ്രിയും കളമശ്ശേരി ഗവ. വനിതാ ഐടിഐയിൽ നിന്ന് 2003-ൽ ഇലക്ട്രോണിക് കോഴ്സും ഫസ്റ്റ് ക്ലാസോടെ നേരത്തെ പാസായിട്ടുണ്ട്.
പിന്നീട് പിജിഡിസിഎയും പഠിച്ചു. കുറച്ചുകാലം ഒരു സ്ഥാപനത്തിൽ അപ്രന്റീസ് ട്രെയിനിയായി ജോലിയും നോക്കിയിരുന്നു. ഇതിനിടയിൽ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായി. ബിജെപിയുടെ സ്ഥാനാർഥിയായാണ് കൊട്ടുവള്ളിക്കാട് കിഴക്ക് നാലാം വാർഡിൽനിന്നും ജയിച്ചത്. രാഷ്ട്രീയത്തിനപ്പുറം ഒരുമയുടെ പ്രവർത്തനമായിരുന്നു. ഹരിതകർമസേനയോടും സിഡിഎസിനോടും തൊഴിലുറപ്പുകാരോടുമൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചു. വാർഡിൽ മാതൃഭൂമി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് ഒരു വീട് നൽകിയതുൾപ്പെടെ അൻപതോളം പേർക്ക് വീട് നിർമിച്ചു നൽകാനായതിൽ തൃപ്തിയുണ്ടെന്ന് അവർ പറഞ്ഞു. മൂത്തമകൻ ഭഗത്കൃഷ്ണ (20) ചെന്നൈ വേൽസ് യൂണിവേഴ്സിറ്റിയിൽ അവസാന വർഷ നോട്ടിക്കൽ സയൻസ് ഡിഗ്രി വിദ്യാർഥിയാണ്. ഇളയമകൻ ഋഷികേശ് (14) മാള ഹോളി ഗ്രെയ്സ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഭർത്താവ് ചാണാശ്ശേരിൽ സി.ടി. സനോജ് കെട്ടിട നിർമാണ കോൺട്രാക്ടറാണ്. ക്ലാസ് മുറിയിൽ മൂത്തമകന്റെ പ്രായമുള്ള കുട്ടികളാണ് സഹപാഠികൾ. ജനപ്രതിനിധിയായ ശേഷം പഠനത്തിൽ തത്പരയായി വന്ന ശ്രീദേവി സനോജ് സ്ഥാപനത്തിനുതന്നെ അഭിമാനമാണെന്ന് പ്രിൻസിപ്പൽ എം.എസ്. സംഗീത്കുമാർ പറഞ്ഞു. ക്ലാസ് തുടങ്ങിയതു മുതൽ നല്ല രീതിയിൽ അവർ പഠനത്തിൽ മുന്നോട്ടു പോകുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
