1.50 കോടി സ്ത്രീകൾ, 1.34 പുരുഷന്മാർ, 281 ട്രാൻസ്ജെൻഡറുകൾ; പ്രവാസി വോട്ടർപട്ടികയും തയ്യാർ
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പുതുക്കിയ വോട്ടർപട്ടിക അനുസരിച്ച് വോട്ടവകാശമുള്ളത് 2,84,30,761 പേർക്ക്. ഇതിൽ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. പ്രവാസി ഭാരതീയർക്കുള്ള വോട്ടർ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാരാണുളളത്. പുതിയ വാർഡുകൾക്കനുസൃതമായി വോട്ടർപട്ടിക 2025 ആഗസ്റ്റിലും ഒക്ടോബറിലും രണ്ട് പ്രാവശ്യം പുതുക്കിയിരുന്നു. ആഗസ്റ്റിൽ തയ്യാറാക്കിയ വോട്ടർ പട്ടിക സെപ്റ്റംബർ 29ന് വീണ്ടും കരടായി പ്രസിദ്ധീകരിക്കുകയും അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. സപ്ലിമെന്ററി ലിസ്റ്റുകൾ 14ന് പ്രസിദ്ധീകരിക്കുമെന്നും അത് അംഗീകൃത രാഷ്ട്രീയ പാർടികൾക്ക് സൗജന്യമായി നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാനാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളിലുണ്ടായിരുന്ന 21900 വാർഡുകൾ ഡീലിമിറ്റേഷൻ പ്രക്രിയവഴി 23,612 ആയി വർധിച്ചിട്ടുണ്ട്. വോട്ടെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കായി 28,127 ഉം മുനിസിപ്പാലിറ്റികൾക്ക് 3604 ഉം കോർപ്പറേഷനുകൾക്ക് 2015 ഉം പോളിംഗ് സ്റ്റേഷനുകളുമാണുളളത്. പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.
