ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

Share our post

ന്യൂയോർക്ക്‌: ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ (97) അന്തരിച്ചു. 1953‐ൽ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്കിനൊപ്പം ചേർന്നാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടന (ഇരട്ട ഹെലിക്‌സ്‌) വാട്സൺ കണ്ടുപിടിച്ചത്. 1962ല്‍ ഇരുവർക്കും വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചു. രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയവയ്ക്കെല്ലാം തുടക്കമായത് ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടന കണ്ടുപിടിത്തതോടെയാണ്.

1928 ഷിക്കാഗോയിലാണ് വാട്ട്സൺ ജനിച്ചത്. പതിനഞ്ചാം വയസിൽ ചിക്കാഗോ സർവകലാശാലയിൽ സ്‌കോളർഷിപ്പ് നേടിയ വാട്സൺ, ഡിഎൻഎ ഘടനയെ കുറിച്ചുള്ള ഗവേഷണം നടത്താനായാണ് കേംബ്രിജിലെത്തിയത് അവിടെ നിന്നുമാണ് ക്രിക്കിനെ പരിചയപ്പെടുന്നതും ഇരുവരും ചേർന്ന് ഡിഎൻഎയുടെ മാതൃകകൾ നിർമിക്കാൻ തുടങ്ങിയതും. അതേസമയം കറുത്ത വർഗക്കാർക്കെതിരായ വംശീയ പരാമർശങ്ങളുടെ പേരിൽ വാട്സൺ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു. കറുത്ത വർ​ഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപ പരാമര്‍ശം കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതിന് പിന്നാലെ ന്യൂയോർക്കിലെ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിലെ ചാൻസലർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!