യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

Share our post

തിരുവനന്തപുരം: യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങള്‍ ചോദിച്ചറിയാനും ഈ ഫീച്ചര്‍ സഹായിക്കും. ഹാന്‍ഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഗൂഗിള്‍ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നല്‍കിയതില്‍ വച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്. യാത്ര ചെയ്യുമ്പോള്‍ ഏറ്റവും പ്രയോജനകരമാകുന്ന എല്ലാ വിവരങ്ങളും മാപ്പ് പറഞ്ഞു തരും . പാര്‍ക്കിങ് സൗകര്യം , അടുത്തുള്ള പെട്രോള്‍ പമ്പ് , റെസ്റ്റോറന്റ് തുടങ്ങി എല്ലാം നമുക്ക് ഗൂഗിളിനോട് സംസാരിച്ച് മനസ്സിലാക്കാനാകും. ജെമിനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ നമ്മുടെ സ്വാഭാവിക സംസാരശൈലി മനസിലാക്കാനും മാപ്പിനാകും എന്നത് ഏറെ ആകര്‍ഷണീയമാണ് . ജെമിനിക്ക് മറ്റ് ആപ്പുകളിലേക്കും കണക്ട് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ലൊക്കേഷനുമായി ബന്ധപ്പെട്ട കലണ്ടര്‍ ഇവന്റ്, റിമൈന്റര്‍ എന്നിവ സെറ്റ് ചെയ്യാനും ഈ വോയ്സ് അസിസ്റ്റന്റ് ഉപയോഗിക്കാവുന്നതാണ്.

ഉപയോക്താക്കള്‍ക്ക് ഒരു സ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കിലോ , വില കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകളെ കുറിച്ച് അറിയണമെങ്കിലോ എല്ലാം മാപ്പിനോട് ചോദിക്കാവുന്നതാണ് . അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അടുക്കുമ്പോള്‍ വിഷ്വല്‍, വോയിസ് മുന്നറിയിപ്പുകള്‍ നല്‍കാനും , ട്രാഫിക് ബ്ലോക്ക് , റോഡിലെ അറ്റകുറ്റപ്പണി എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാനാകും. ഗവണ്‍മെന്റ് വകുപ്പുകള്‍ , നഗര ട്രാഫിക് അധികാരികള്‍,കോണ്‍വര്‍സേഷന്‍ നാവിഗേഷന്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് റോഡ് സുരക്ഷാ ഫീച്ചറുകള്‍ വികസിപ്പിച്ചിരിക്കുന്നത്. തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായും (NHAI) ഗൂഗില്‍ കൈകോര്‍ത്തിട്ടുണ്ട്. ഓരോ ഫീച്ചറുകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ എത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!