അര ലക്ഷം പേർക്ക് തൊഴിൽ: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ നൂറ് നിക്ഷേപ പദ്ധതികൾ നിർമാണം തുടങ്ങി
തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ നൂറ് പദ്ധതികൾ നിർമാണം തുടങ്ങി. വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി എൻഡിആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് ആലുവ ചുണങ്ങംവേലിയിൽ സ്ഥാപിക്കുന്ന ഇൻഡസ്ട്രിയൽ പാർക്കാണ് നിർമാ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി. നിക്ഷേപക സംഗമത്തിൽ താൽപര്യപത്രം ഒപ്പിട്ട പ്രമുഖ ആഗോള കമ്പനികൾ ഉൾപ്പെടെ അവരുടെ നിക്ഷേപ പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇത്രയും ചുരുങ്ങിയ സമയത്തിൽ നൂറ് പദ്ധതികൾ നിർമ്മാണം തുടങ്ങുന്നത് രാജ്യത്തെ തന്നെ റെക്കോഡാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. 276 പദ്ധതികൾക്ക് ഭൂമി ലഭ്യമാക്കി. ഭൂമി ലഭ്യമാക്കിയ പദ്ധതികളിൽ 36.23 ശതമാനം ആണ് പരിവർത്തന നിരക്ക്. 35,111.750 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് നിർമ്മാണഘട്ടത്തിലുള്ളത്. 49732 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.449 സ്ഥാപനങ്ങളിൽ നിന്നായി 1.80 ലക്ഷം കോടി രൂപയുടെ താൽപര്യപത്രങ്ങളാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ ഒപ്പിട്ടത്. ഇതിൽ അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്ന തുടങ്ങിയവർ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി.
അദാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെകിൻ്റെ കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്ട്രോം, എസ്എഫ്ഒ ടെക്നോളജീസ്, ഗാഷ സ്റ്റീൽസ് ടിഎംടി പ്ളാൻ്റ്, കെജിഎ ഇൻ്റർനാഷണൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്നോളജീസ്, വിൻവിഷ് ടെക്നോളജീസ്, ഡബ്ള്യുജിഎച്ച് ഹോട്ടൽസ്, ജേക്കബ്ബ് ആൻഡ് റിച്ചാർഡ് തുടങ്ങിയ സംരഭങ്ങളുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു. ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമാണം, ഫാർമ സ്യൂട്ടിക്കൽസ്, മര അധിഷ്ഠിത വ്യവസായങ്ങൾ, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലാണ് ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ളത്. 100 കോടി രൂപ വരെ മുതൽ മുടക്കുള്ള പദ്ധതികൾക്ക് വ്യവസായ വാണിജ്യ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. 100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള പദ്ധതികൾക്ക് കെഎസ്ഐഡിസി മേൽനോട്ടം വഹിക്കുന്നു. കിൻഫ്ര പാർക്കുകളിലെ നിക്ഷേപ പദ്ധതികൾക്ക് കിൻഫ്രയാണ് ഏകോപനം നിർവ്വഹിക്കുന്നത്. വ്യവസായമന്ത്രി അധ്യക്ഷനായ ഉപദേശക സമിതി സമയ ബന്ധിതമായി പദ്ധതികളുടെ അവലോകനം നടത്തുന്നു. മുഖ്യമന്ത്രിയുടെ മുൻഗണന പദ്ധതി അവലോകനത്തിലും പുരോഗതി വിലയിരുത്തുന്നുണ്ട്. പദ്ധതി നിർവ്വഹണം വേഗത്തിലാക്കുന്നതിന് 22 നയപരിഷ്കാരങ്ങൾ നടപ്പിലാക്കി. കേരള ഗ്ലോബൽ സമ്മിറ്റ് പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനായി തദ്ദേശ വകുപ്പിൽ ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഇതുവരെയുള്ള നിക്ഷേപക സംഗമങ്ങളിൽ ഏറ്റവുമധികം പരിവർത്തന നിരക്ക് രേഖപ്പെടുത്തിയാണ് കേരള ഗ്ലോബൽ സമ്മിറ്റിലെ തുടർപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടുത്ത മാസങ്ങളിൽ നിർമ്മാണമാരംഭിക്കുന്ന പദ്ധതികൾക്കായി നടപടികൾ പൂർത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
