സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും പൊതുവായ സ്വാഗത ഗാനം വേണ്ടേയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസമന്ത്രി ഫെയിസ്ബുക്കിലൂടെ പറഞ്ഞു. സ്കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാല്‍ മണിക്കൂറില്‍ നിന്ന് ഒരുമണിക്കൂറാക്കാനുളള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. പീരിയഡ് ദൈര്‍ഘ്യം കൂട്ടുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ പോരെന്ന് അഭിപ്രായമുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ? അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.
