നവജാത ശിശുവിന്റെ മരണം; മാതാവ് കുറ്റക്കാരിയല്ലെന്ന് കുടുംബം
കണ്ണൂർ: കുറുമാത്തൂരിലെ പൊക്കുണ്ടിൽ കിണറ്റിൽ വീണ് 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാവ് മുബഷിറ കുറ്റക്കാരിയല്ലെന്നും വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കൊലപാതകിയായി ചിത്രീകരിക്കുന്നതിൽ ഏറെ ദുഖവും പ്രയാസവും ഉണ്ടെന്നും മുബഷിറയുടേയും ഭർത്താവിന്റെയും കുടുംബാംഗങ്ങൾ. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് മുബശിറ മൊഴി നൽകിയതായി അറിയില്ല. കുഞ്ഞിനെ കൊലപ്പെടുത്തേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ല. കിണറുമായി അറ്റാച്ച് ചെയ്തിട്ടുള്ള കുളിമുറിയിൽ വെച്ച് എണ്ണ തേച്ച് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീണു എന്നാണ് മുബഷിറ മൊഴി നൽകിയത്. എന്ത് അടിസ്ഥാനത്തിലാണ് മുബഷിറയെ കൊലപാതകിയായി ചിത്രീകരിക്കുന്നത് എന്ന് അറിയില്ല. മരണം കൊലപാതകമാക്കി ചിത്രീകരിക്കുന്നതിൽ കുടുംബത്തിന് ഏറെ ദുഖവും വേദനയുമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
