ലിറ്റിൽ കൈറ്റ്‌സ് അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ തലത്തിലെ മൂന്ന് ബാച്ചുകളും (8,9,10 ക്ലാസുകള്‍) പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 10. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് രണ്ടര ലക്ഷം, രണ്ട് ലക്ഷം, ഒന്നര ലക്ഷം രൂപ വീതവും ജില്ലാ തലത്തിൽ 40000, 30000, 20000 രൂപ വീതവുമാണു പുരസ്കാരം. ഈ വർഷം ഉപജില്ല തലത്തിലും പുരസ്കാരം നൽകുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്‌ഡേറ്റുകൾ, ക്യാംപുകളിലെ പങ്കാളിത്തം, സ്കൂൾ തല ഡിജിറ്റൽ മാസികയ്ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്ത നിർമാണം, അംഗങ്ങളുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, മറ്റു സ്കൂൾ തല പരിപാടികളിലുളള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാകും മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ https://littlekites.kite.kerala.gov.in/ ലഭ്യമാകും.
