ലളിതമായ ഈ ടെസ്റ്റിലൂടെ നിരവധി ജീവൻ രക്ഷിക്കാനാവും, സെർവിക്കൽ കാൻസറും പാപ്സ്മിയർ ടെസ്റ്റും
ഓരോവർഷവും ആയിരക്കണക്കിന് സ്ത്രീകളാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ ബാധിച്ച് മരിക്കുന്നത്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ അതിജീവന സാധ്യത ഏറ്റവും കൂടുതലുള്ള അർബുദങ്ങളിലൊന്നായിട്ടും മരണനിരക്കുകൾ കൂടുന്നതിന് പിന്നിൽ സ്ക്രീനിങ്ങുകളോടുള്ള വിമുഖത കൂടിയാണ്. പാപ് സ്മിയർ എന്ന ലളിതമായ ടെസ്റ്റ് ചെയ്യുന്നതിലൂടെ മാത്രം നിരവധി ജീവൻ രക്ഷിക്കാനാവുമെന്ന് പറയുകയാണ് സിക്കിമിലെ മെധാവി സ്കിൽസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ അയാൻ ചാറ്റർജി. സെർവിക്കൽ കാൻസർ പ്രതിരോധത്തിൽ പാപ്സ്മിയർ ടെസ്റ്റിന്റെ പ്രാധാന്യത്തേക്കുറിച്ച് ക്ലിനിക്കൽ റിസർച്ച് ആൻഡ് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇതേക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നുമുണ്ട്.
പാപാനികൊളാവു ടെസ്റ്റ് എന്നുകൂടി വിളിക്കുന്ന പാപ്സിമിയർ ടെസ്റ്റിൽ സ്ത്രീയുടെ ഗർഭാശയമുഖത്തുനിന്ന് കോശങ്ങൾ ശേഖരിച്ച് അസാധാരണമായതും കാൻസർ സാധ്യതയുള്ളതുമായവ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. പാപ്സ്മിയർ ടെസ്റ്റ് വിട്ടുവീഴ്ചയില്ലാതെ ചെയ്യുന്നതിലൂടെ സെർവിക്കൽ കാൻസർ മൂലമുള്ള മരണനിരക്ക്, രോഗസ്ഥിരീകരണം തുടങ്ങിയവ പ്രതിരോധിക്കാനാകുമെന്ന് അയാൻ ചാറ്റർജി പറയുന്നു.
രോഗം സംബന്ധിച്ച അവബോധമില്ലായ്മ, സ്റ്റിഗ്മ, പരിശീലനം ലഭിച്ച വ്യക്തികളുടെ അഭാവം തുടങ്ങിയവയാണ് പാപ്സിമിയർ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം പറയുന്നു. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ പാപ്സിമിയർ സ്ക്രീനിങ് സംബന്ധിച്ച അവബോധം പ്രചരിപ്പിക്കേണ്ടതിന് ഊന്നൽ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാൻസർ പ്രതിരോധത്തിൽ സിക്കിം 2018-2019ൽ അവതരിപ്പിച്ച എച്ച്പിവി വാക്സിനേഷൻ പ്രോഗ്രാം വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പാപ്‌സ്മിയര്‍ ടെസ്റ്റ്
വളരെ ലളിതവും ഒ.പിയില്‍ വെച്ച് നടത്താവുന്നതുമായ ടെസ്റ്റാണിത്. ഗര്‍ഭാശയമുഖത്തും ഗര്‍ഭാശയഗളത്തിലും കൊഴിഞ്ഞുവീഴുന്ന കോശങ്ങള്‍ പരിശോധിക്കുകയാണ് ഈ പരിശോധനിലൂടെ ചെയ്യുന്നത്. കാന്‍സറിന് മുന്നോടിയായിട്ടുള്ള മാറ്റങ്ങള്‍ കണ്ടാല്‍ ലേസര്‍ ചികിത്സ, ക്രയോതെറാപ്പി, ലീപ് തുടങ്ങിയ ലളിതമായ ചികിത്സയിലൂടെ ആ ഭാഗം മുറിച്ചുനീക്കാനോ കരിച്ചുകളയാനോ സാധിക്കും.
എന്താണ് സെർവിക്കൽ കാൻസർ?
മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകടസാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?
സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. ലൈംഗികബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല.
കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.
സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?
ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.
ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?
18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
കൂടുതല്‍ പ്രസവിക്കുന്നവര്‍.
ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍.
എന്താണ് സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയയുടെയും സെര്‍വിക്കല്‍ കാന്‍സറിന്റെയും രോഗലക്ഷണങ്ങള്‍?
തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
അമിതമായ വെള്ളപോക്ക്.
ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.
