പോക്സോ നിയമത്തിന്റെ ദുരുപയോഗം; നിയമപരമായ അവബോധം അനിവാര്യമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമം ദാമ്പത്യ തർക്കങ്ങളിലും കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിലും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി. നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് ആൺകുട്ടികൾക്കും പുരുഷന്മാർക്കുമിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് പോക്സോ നിയമത്തിലെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടതായി അഭിപ്രായപ്പെട്ടത്. ബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച നിയമവ്യവസ്ഥകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ നിർദ്ദേശം തേടിക്കൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം. രാജ്യത്തെ ആൺകുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ സ്കൂൾ തലത്തിൽ തന്നെ ശ്രമങ്ങൾ ആരംഭിക്കണം എന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിനും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. കേസിലെ പ്രതികരണം അറിയിക്കാത്ത സംസ്ഥാനങ്ങളോട് പ്രതികരണം ഫയൽ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് ഹർജി ഡിസംബർ 2-ലേക്ക് മാറ്റി.
