കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
ബേംഗ്ലൂരു: കന്നഡ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഒരു വർഷത്തിലേറെയായി തൈറോയ്ഡ് കാൻസറിനോട് പൊരുതുകയായിരുന്നു അദ്ദേഹം. ‘ഓം’, ‘കെ.ജി.എഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് ഹരീഷ് റായ്. ബംഗളൂരുവിലെ കിഡ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പിയും പാലിയേറ്റീവ് കെയറും നൽകിയിട്ടും രോഗം ആമാശയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സാമ്പത്തിക ബാധ്യതയെക്കുറിച്ചും ഹരീഷ് റായ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു കുത്തിവെപ്പിന് 3.55 ലക്ഷം രൂപ ചിലവാകുമെന്നും 63 ദിവസത്തിനുള്ളിൽ മൂന്ന് കുത്തിവെപ്പുകൾ എടുക്കണമെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തിയിരുന്നു. ചികിത്സക്കായി 20 കുത്തിവെപ്പുകൾ വരെ ആവശ്യമായി വരും. ഇത് മൊത്തം ചികിത്സ ചെലവ് 70 ലക്ഷത്തിനടത്ത് എത്തിച്ചു.കെ.ജി.എഫ് താരം യാഷ് സഹായിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത്തവണ അദ്ദേഹത്തെ സമീപിച്ചിട്ടില്ലെങ്കിലും നടനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ‘യാഷ് മുമ്പ് എന്നെ സഹായിച്ചിട്ടുണ്ട്. എനിക്ക് എപ്പോഴും അദ്ദേഹത്തോട് ചോദിക്കാൻ കഴിയില്ല. ഒരാൾക്ക് എത്രമാത്രം ചെയ്യാൻ കഴിയും? അദ്ദേഹം അറിഞ്ഞാൽ, തീർച്ചയായും അദ്ദേഹം എന്റെ കൂടെ നിൽക്കുമെന്ന് എനിക്കറിയാം. അദ്ദേഹം കോൾ അകലെയാണ്, എന്നാൽ അദ്ദേഹം തന്റെ വരാനിരിക്കുന്ന ചിത്രമായ ടോക്സിക്കിന്റെ തിരക്കിലാണ്’ – എന്നാണ് ഹരീഷ് റായ് പറഞ്ഞത്.
