വിലക്കുറവില്‍ ഇനി മാസം രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; പച്ചരിയും പുഴുക്കലരിയും എല്ലാ മാസവും,സപ്ലൈകോ ഓഫര്‍
തിരുവനന്തപുരം: എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകള്‍ നവംബർ ഒന്നു മുതല്‍ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബര്‍ 1 ന് തിരുവനന്തപുരത്ത് നടന്നു. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളില്‍ ലഭ്യമാകും. കാർഡൊന്നിന് നിലവില്‍ 319 രൂപ നിരക്കില്‍ സപ്ലൈകോ വില്‍പനശാലകളില്‍ ലഭ്യമാകുന്നത് പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണയാണ്. ഇത് 2 ലിറ്ററായി വർദ്ധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/പുഴുക്കലരി നല്‍കി വന്നിരുന്നത് തുടർന്നും സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചു. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കും. നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.
ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നല്‍കും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില നിലവിലെ വിലയില്‍ നിന്ന് 25ശതമാനം വിലക്കുറവില്‍ നല്‍കും. 105 രൂപ വിലയുള്ള ശബരി ഗോള്‍ഡ് തേയില 61.50 രൂപയ്ക്കാണ് നല്‍കുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേല്‍ സപ്ലൈകോ വില്പനശാലകളില്‍ യുപിഐ മുഖേന പണം അടക്കുകയാണെങ്കില്‍ അഞ്ചു രൂപ വിലക്കുറവും നല്‍കും. സപ്ലൈകോ വില്പന ശാലകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവില്‍ നല്‍കും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ നവംബർ ഒന്നു മുതല്‍ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും.
വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് മുമ്ബ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് (FMCG) 5 ശതമാനം അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംഘടിപ്പിച്ചപോലെ 6 ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുക. താലൂക്ക് തലത്തില്‍ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകള്‍ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതല്‍ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകള്‍. 250 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250-ലധികം ഉത്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും . ക്രിസ്മസിനോട് അനുബന്ധിച്ച് കേക്ക് മുതലായ ഉത്പന്നങ്ങള്‍ വില്‍പനശാലകളില്‍ ഉറപ്പാക്കും.
