വളപട്ടണം പുഴയിലെ ‘പച്ചത്തുരുത്തുകൾ’ മുങ്ങുന്നു; ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
പാപ്പിനിശ്ശേരി: വളപട്ടണം പുഴയെ മനോഹരമാക്കുന്ന ജൈവവൈവിധ്യ കലവറയും ദേശാടനപ്പക്ഷികൾ അടക്കമുള്ളവയുടെ വിഹാരകേന്ദ്രവുമായ തുരുത്തുകളും കൊച്ചുദ്വീപുകളും നിലനിൽപ്പ് ഭീഷണിയിൽ. കര ഇടിഞ്ഞും പുഴയെടുത്ത് ശോഷിച്ചും ഇല്ലാതാകുകയാണ് മനോഹര തുരുത്തുകൾ. പറശ്ശിനിക്കും വളപട്ടണം പാലത്തിനും ഇടയിൽ മാത്രം അഞ്ചോളം തുരുത്തുകളുണ്ട്. പത്ത് കൊല്ലം മുൻപുള്ള ഇവയുടെ വിസ്തൃതിയും ഇപ്പോഴുള്ള വിസ്തൃതിയും താരതമ്യം ചെയ്താൽ 30 ശതമാനത്തോളം പുഴയിൽ അമർന്നതായാണ് കണക്ക്. വളപട്ടണം പുഴയിലൂടെ യാത്ര ചെയ്യുന്നവരുടെ മനം കവരുന്ന പാമ്പുരുത്തി, വലിയമാട്, ചെറിയമാട്, ഭഗത് സിങ്, ആറോൺ എന്നീ തുരുത്തുകൾ വൈവിധ്യമാർന്ന ജൈവകലവറകളാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് ഈ തുരുത്തുകളും ദ്വീപുകളും തെങ്ങുകളാൽ സമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് ഭൂരിഭാഗം തെങ്ങുകളും കടപുഴകുകയോ പുഴയെടുക്കുകയോ ചെയ്തു. അവശേഷിക്കുന്നവ തലപോയി നശിച്ചു. മുൻപ് ഇവിടം കള്ള് ഉത്പാദന കേന്ദ്രങ്ങളായിരുന്നു. എന്നാലിപ്പോൾ അവ നാമമാത്രമായി മാറി. വളപട്ടണം പുഴയിലെ കൊച്ചു ദ്വീപായ ഭഗത്സിങ് ഐലൻഡ് അടക്കം ഗുരുതരമായ കരയിടിച്ചിൽ ഭീഷണി നേരിടുകയാണ്. 1970-കളിൽ പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴിലുണ്ടായ ദ്വീപിലാകെ നൂറുകണക്കിന് തെങ്ങുകൾ വെച്ചുപിടിപ്പിച്ചിരുന്നു. എന്നാലിന്ന് അവയിൽ ഭൂരിഭാഗവും പുഴയെടുത്തും തലപോയും നശിച്ചു. പുഴയെടുത്ത ഭാഗത്ത് ഇപ്പോൾ പുഴയിൽ നിന്നും തലയുയർത്തി നിൽക്കുന്ന തെങ്ങുകൾ കരയിടിച്ചിലിന്റെ സാക്ഷികളാണ്.
പാളിയ പദ്ധതികൾ
വളപട്ടണം പുഴയിലെ കൊച്ചു ദ്വീപുകളെയും തുരുത്തുകളെയും കോർത്തിണക്കി നിരവധി പദ്ധതികൾ പാപ്പിനിശ്ശേരി പഞ്ചായത്തടക്കം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഒന്നും നടക്കാറില്ല. രണ്ടുപതിറ്റാണ്ടിനിടയിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. നിലവിൽ വളപട്ടണം പുഴയോരത്തെ പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജും ബോട്ട് ജെട്ടിയും കേന്ദ്രീകരിച്ച് പുഴയിലെ കൊച്ചു ദ്വീപുകളെ കോർത്തിണക്കി പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുംനടന്നില്ല.
രൂക്ഷമായ മണലൂറ്റ്
പുഴയിലെ അനധികൃത മണലൂറ്റ് തുരുത്തുകളെ ഇല്ലാതാക്കുന്നു. വളപട്ടണം പുഴയുടെ പല ഭാഗത്തും നടക്കുന്ന മണലൂറ്റ് പുഴയുടെ ഘടനതന്നെ മാറ്റുകയാണ്.
രൂക്ഷമായ കരയിടിച്ചിൽ നേരിടുന്ന വളപട്ടണം പുഴയിലെ പച്ചത്തുരുത്തുകളിലൊന്ന്
മണലൂറ്റ് സംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ് പുഴയിലെ തുരുത്തുകൾ. ഇത്തരം പച്ചത്തുരുത്തുകളുടെ സമീപത്തുനിന്ന് മണലൂറ്റുമ്പോൾ അവശേഷിക്കുന്ന കരകൂടി പുഴയെടുക്കുന്നത് പതിവാണ്.
ഇത്തരം കൊള്ള പതിറ്റാണ്ടായി തുടരുമ്പോഴും അധികൃതർ നിസ്സഹായവസ്ഥയിലാണ്. ഇതാണ് നിലവിൽ വളപട്ടണം പുഴ നേരിടുന്ന വലിയ വെല്ലുവിളിയും.
