പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ; ജില്ലയിൽ 706 പേർ പരീക്ഷ എഴുതും
കണ്ണൂർ: സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം തുല്യത പരീക്ഷ നവംബർ എട്ടിന് ആരംഭിക്കും. ജില്ലയിൽ ആകെ 706 പേരാണ് പരീക്ഷ എഴുതുന്നത്. ഇവരിൽ 576 സ്ത്രീകളും 130 പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 38 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 13 പേരും ഭിന്നശേഷിക്കാരായ 26 പേരും പരീക്ഷ എഴുതുന്നുണ്ട്. കോഴ്സിന്റെ പതിനെട്ടാമത് ബാച്ചിൽ ജില്ലയിൽ 15 കേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടന്നത്. കണ്ണൂർ ജില്ലാപഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന സമ്പൂർണ്ണ പത്താംതരം തുല്യതാ പദ്ധതിയായ പത്താമുദയത്തിലൂടെയാണ് ഭൂരിഭാഗം പേരും പരീക്ഷയ്ക്ക് തയാറെടുത്തത്. പയ്യന്നൂർ പഠന കേന്ദ്രത്തിലെ 77 വയസ്സുള്ള രാമന്തളി കോടിയത്ത് പടിഞ്ഞാറെ വീട്ടിൽ ഗൗരിയമ്മയാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. പരീക്ഷ എഴുതുന്നവർ ബന്ധപ്പെട്ട സ്കൂളുകളിൽ എത്തി ഹാൾടിക്കറ്റുകൾ കൈപ്പറ്റണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
