സൗഹൃദം പങ്കിട്ട് മടങ്ങി; പിന്നാലെ മരണം; പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കുകാണാൻ മുഖ്യമന്ത്രിയെത്തി
        കണ്ണൂർ: ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴ്ത്തള്ളിയിലെ എൻ എം രതീന്ദ്രനാണ്(80) കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്. സിപിഐഎം മുതിർന്ന നേതാവ് ഇ പി ജയരാജൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ കണ്ണൂരിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വരവറിഞ്ഞ് അദ്ദേഹത്തെ കാണാനായി രതീന്ദ്രൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ രതീന്ദ്രൻ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മുഖ്യമന്ത്രിയും രതീന്ദ്രനും പരസ്പരം കണ്ടത്. കൂടിക്കണ്ട ശേഷം മുഖ്യമന്ത്രി ഇ പി ജയരാജൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇറങ്ങി. തൊട്ടുപിന്നാലെ രതീന്ദ്രൻ വീട്ടിലേയ്ക്കും ഇറങ്ങി. ഗസ്റ്റ് ഹൗസിൽ നിന്ന് അൽപദൂരം പിന്നിട്ടപ്പോൾ രതീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ രതീന്ദ്രനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെ മരിച്ചു. ഇ പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ സുഹൃത്തിന്റെ മരണവിവരമറിഞ്ഞ മുഖ്യമന്ത്രി പിന്നാലെ ആശുപത്രിയിലെത്തി തന്റെ സുഹൃത്തിനെ അവസാനമായി ഒരുനോക്കു കണ്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ചെറുപ്പം മുതൽ പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് രതീന്ദ്രൻ. പിണറായി കണ്ണൂരിലെത്തുമ്പോഴെല്ലാം രതീന്ദ്രൻ അദ്ദേഹത്തെ കാണാനും സൗഹൃദം പങ്കിടാനുമായി എത്താറുണ്ട്. രതീന്ദ്രനുമായി മുഖ്യമന്ത്രിയും ആത്മബന്ധം സൂക്ഷിച്ചു. ചൊവ്വ സഹകരണ സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്ന രതീന്ദ്രൻ വിരമിച്ചതിന് പിന്നാലെ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും. സബിതയാണ് ഭാര്യ. ഷജീൻ രതീന്ദ്രൻ, ഷഫ്‌ന ജോഷിത്ത് എന്നിവരാണ് മക്കൾ.
