ബ്രസ്റ്റ് റീകൺസ്ട്രക്ഷന്‍ ആളുകൾക്ക് മടി; മെഡിക്കല്‍ കോളേജുകളില്‍ ചെലവും കുറവ്
        കോഴിക്കോട്: സംസ്ഥാനത്ത് നിരവധി പേരാണ് പ്രതിവർഷം അർബുദം ബാധിച്ച് സ്തനങ്ങൾ നീക്കുന്നത്. എന്നാൽ കുറഞ്ഞ ചെലവിൽ പ്ലാസ്റ്റിക് സർജറിയിലൂടെ സ്തനങ്ങൾ വീണ്ടെടുക്കാൻ സർക്കാർ മെഡിക്കൽ കോളേജിൽ സംവിധാനവും അവസരവുമുണ്ടായിട്ടും ആരും സമീപിക്കുന്നില്ല. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ വർഷം 500ഓളം സ്തനാർബുദ ശസ്ത്രക്രിയകൾ നടക്കുന്നു. എന്നാൽ വിരളമായാണ് ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ നടക്കുന്നത്. അർബുദ പരിചരണത്തിന്റെ ഭാഗമായി ലോകമാകെ അംഗീകരിച്ചതാണ് ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ.കുടുംബത്തിനുള്ളിലും സാമൂഹികമായും പിന്തുണ ലഭിക്കാത്തതും ചികിത്സാ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണ് ചികിത്സ തേടാതിരിക്കുന്നതിന്റെ കാരണങ്ങളിൽ പ്രധാനമെന്ന് ഗവ. മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ഷീജാ രാജൻ പറയുന്നു. സ്വകാര്യ മേഖലയിൽ മൂന്ന് ലക്ഷം രൂപവരെ ചെലവുള്ള ശസ്ത്രക്രിയക്ക് മെഡിക്കൽ കോളേജിൽ അരലക്ഷത്തിൽ താഴെ മതി. ഇൻഷുറൻസ് സൗകര്യവും ലഭ്യമാണ്. ‘വയറിൽനിന്നോ മറ്റ് ശരീരഭാഗത്തുനിന്നോ ഉള്ള തൊലി, കൊഴുപ്പ്, പേശികൾ ഉപയോഗിച്ചും സിലിക്കോൺകൊണ്ടുള്ള ബ്രസ്റ്റ് ഇംപ്ലാന്റുകൾവഴിയും ചെയ്യും. രണ്ടാഴ്ചത്തെ വിശ്രമം മതി’ –ഡോ. ഷീജാ രാജൻ പറഞ്ഞു.
