നാലുവർഷം കൊണ്ട് നൂറ് പാലം പൂർത്തിയാക്കാനായി: മന്ത്രി റിയാസ്
        ചട്ടഞ്ചാൽ: എൽഡിഎഫ-് സർക്കാരിന് നാലുവർഷത്തിനകം നൂറുപാലങ്ങളുടെ പണി പൂർത്തിയാക്കാനായത് അഭിമാന നേട്ടമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചുവർഷം കൊണ്ട് നൂറ് പാലം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ചന്ദ്രഗിരി പുഴക്ക് കുറുകെ ചെമ്മനാട് -– ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലം നിർമാണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാലങ്ങളുടെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനം കൊണ്ടുവന്നു. എണ്ണയിട്ട യന്ത്രം പോലെ ചലിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡർ നടപടിയും വേഗത്തിലായി. ഉദുമ മണ്ഡലത്തിൽതന്നെ സർക്കാർ അനുവദിച്ചതും പ്രവൃത്തി പൂർത്തിയാക്കിയതും പുരോഗമിക്കുന്നതുമായ പാലങ്ങളുടെ പട്ടിക വലുതാണ്. മന്ത്രി പറഞ്ഞു. 11 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടിയതാണ് മുനമ്പം പാലം. കാസർകോട് നിന്ന് കുണ്ടംകുഴിയിലെത്താൻ പാലം യാഥാർഥ്യമായാൽ പകുതി ദൂരം കുറയും. പുഴക്ക് മറുകരയിലുള്ളവർ ചട്ടഞ്ചാലിലെത്താൻ 18 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഇതു രണ്ട് കിലോമീറ്ററായി കുറയും. സി എച്ച് കുഞ്ഞമ്പു എം എൽ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി , വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വസന്തകുമാരി, ടി പി നിസാർ, രമ ഗംഗാധരൻ, കെ കൃഷ്ണൻ, സി രാമചന്ദ്രൻ, മധു മുതിയക്കാൽ, ഭക്തവത്സലൻ, ശൈലജ എം ഭട്ട്, ടി ഡി കബിർ സംസാരിച്ചു. ചീഫ് എൻജിനീയർ ഹൈജിൻ ആൽബർട്ട് സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ എം സജിത്ത് നന്ദി പറഞ്ഞു. പാലം നിർമാണ കരാറുകാരൻ ജാസ്മിൻ ഗ്രൂപ്പ് എംഡി പി എ മുഹമ്മദ് ഹാജിയെ മന്ത്രി ആദരിച്ചു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ ഇ ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.  ചടങ്ങിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവെൽ സീസൺ 3 ലോഗോ മന്ത്രി പ്രകാശിപ്പിച്ചു.
