ഒറ്റ കോളിൽ മാറിയത് സ്കൂളിന്റെ 68 വർഷത്തെ ഷിഫ്റ്റ് സമ്പ്രദായം
കൊല്ലം : സിഎം വിത്ത് മീയിലേക്ക് വിളിച്ച ഒരൊറ്റ കോളിൽ വഴിമാറിയത് കൊല്ലം തിരുമുല്ലവാരം സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം. 68 വർഷമായി തിരുമുല്ലവാരം ഡിബിഎൽപിഎസിൽ ഒന്നും രണ്ടും ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇത് സ്കൂളിനെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. അധ്യാപകരും രക്ഷിതാക്കളും നിരവധി അപേക്ഷ നൽകിയിട്ടും വിനയായ സാങ്കേതികതടസ്സങ്ങൾ എല്ലാം ഒഴിവായത് മുഖ്യമന്ത്രിയുടെ ‘സിഎം വിത്ത് മീ’യിലേക്കുള്ള ഒരു രക്ഷിതാവിന്റെ ഫോൺകോളിൽ.
ആവശ്യത്തിന് കെട്ടിടങ്ങളില്ലാത്തതിനാലാണ് സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങിയത്. രണ്ട് ക്ലാസുകൾക്കായി ഉണ്ടായിരുന്നതാകട്ടെ ഒരു അധ്യാപകനും. ഇതിനാൽ ഒരു ക്ലാസ് ഉച്ചവരെയും അടുത്ത ക്ലാസ് ഉച്ചയ്ക്കുശേഷവുമായിരുന്നു. ഇത് കുട്ടികളെ സ്കൂളിൽനിന്ന് അകറ്റി. മതിയായ വിദ്യാർഥികളില്ലാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റിലും സ്കൂൾ ഉൾപ്പെട്ടു.
2010-ൽ ദേവസ്വം ബോർഡ് പുതിയ കെട്ടിടം നിർമിച്ചതോടെ ക്ലാസ്‌മുറികളായി. ഇതോടെ മാനേജ്‌മെന്റും പിടിഎയും ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിന് ശ്രമം തുടങ്ങി. എന്നാൽ, പല കാരണങ്ങളാൽ അപേക്ഷകൾ തള്ളി. കഴിഞ്ഞ വർഷം ചുമതലയേറ്റ പ്രധാനാധ്യാപിക എസ് വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുനരാരംഭിച്ചു. ഇവർ പിടിഎ അംഗങ്ങളുമായി വീടുകളിലെത്തി കുട്ടികളെ സ്കൂളിൽ അയക്കാൻ ആവശ്യപ്പെട്ടു. ഷിഫ്റ്റ് അവസാനിപ്പിച്ചാൽ കുട്ടികളെ അയക്കാമെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. കഴിഞ്ഞ മാർച്ചിൽ പുതിയ അപേക്ഷ നൽകി. ഷിഫ്റ്റ് അവസാനിക്കുമ്പോൾ ഒരു അധ്യാപക തസ്തിക അധികം അനുവദിക്കേണ്ടിവരുമെന്ന സംശയത്തിൽ അപേക്ഷ കുടുങ്ങിക്കിടന്നു. ഈ വർഷവും ഷിഫ്റ്റ് അടിസ്ഥാനത്തിൽത്തന്നെ സ്കൂൾ പ്രവർത്തിച്ചുതുടങ്ങി.
അതിനിടെയാണ് കഴിഞ്ഞ 17-ന് സിഎം വിത്ത് മീയിലേക്ക് രക്ഷിതാവിന്റെ കോൾ എത്തുന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മിനിമം തസ്തികകളുടെ എണ്ണത്തിൽ കൂടുതൽ അനുവദിക്കുമ്പോഴേ അധിക തസ്തികയാകൂ എന്നും എത്രയുംവേഗം ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്നും കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. പിന്നാലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് ഉത്തരവിറക്കുകയായിരുന്നു. ഉടൻതന്നെ അധിക തസ്തികയിൽ അധ്യാപക നിയമനം നടത്താനും ഉത്തരവിൽ പറയുന്നു.
