തലശ്ശേരി നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നാളെ തുടങ്ങും
കൂത്തുപറമ്പ് : തലശ്ശേരി നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം മൂന്ന്, നാല്, അഞ്ച് തീയതികളിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മൂന്നിന് രാവിലെ 10-ന് നടൻ ഉണ്ണിരാജ ചെറുവത്തൂർ ഉദ്ഘാടനം ചെയ്യും. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത അധ്യക്ഷത വഹിക്കും. മമ്പറം ഹയർസെക്കൻഡറി സ്കൂളിലും മമ്പറം യുപി സ്കൂളിലുമായി 12 വേദികളിലായാണ് മത്സരം. 78 വിദ്യാലയങ്ങളിൽനിന്നായി 5000-ത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. വിവിധ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് സ്കൂൾ മാനേജർ മമ്പറം പി.മാധവൻ ഉപഹാരം നൽകും. അഞ്ചിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.
മേളയുടെ ഭാഗമായി ഒരുക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11.30-ന് കെ.പി.മോഹനൻ എംഎൽഎ നിർവഹിക്കും. മമ്പറം ടൗണിൽ റോഡരികിലെ വാഹന പാർക്കിങ് ഒഴിവാക്കണമെന്നും ഇതിനായി സംഘാടകസമിതി ഏർപ്പെടുത്തിയ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. പത്രസമ്മേളനത്തിൽ എഇഒ എ.പ്രശാന്ത്, സംഘാടകസമിതി ജനറൽ കൺവീനർ സി.പി.രാജേഷ്, പ്രഥമാധ്യാപകൻ സി.സി.ശിവദാസൻ, പിടിഎ പ്രസിഡന്റ് പി.കെ.രജീഷ്, കൺവീനർമാരായ ഡോ. ജോർജ് ടി.അബ്രഹാം, സി.കെ.ഷക്കീർ, വി.പി.ജിഷിൻ എന്നിവർ പങ്കെടുത്തു.
