നടിയോട് ലൈംഗികാതിക്രമം; റെയിൽവേ പോർട്ടർ അറസ്റ്റിൽ
തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയ പോർട്ടറെ പേട്ട പൊലീസ് പിടികൂടി. അരുൺ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് കേസ്. അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ സഹായിക്കാമെന്നും നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും പറഞ്ഞാണ് ഇയാൾ നടിയെ സമീപിച്ചത്. തുടർന്ന് ട്രെയിനിൽ കയറുന്നതിനിടെ ശരീരത്ത് കയറിപ്പിടിച്ചുവെന്നാണ് പരാതി.
