ആറളം ഫാമിൽ ഓപറേഷൻ ഗജമുക്തി: പത്ത് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

Share our post

കേളകം: വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ‘ഓപറേഷൻ ഗജമുക്തി’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുടർ ദൗത്യം ആറളത്ത് വിജയകരമായി പൂർത്തിയാക്കി. ആറളം ഫാം പുനരധിവാസ മേഖലയിലേയും ആറളം ഫാമിലേയും ഉൾപ്പെടെ 10 കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. ഏറെ നേരത്തെ തീവ്ര പരിശ്രമത്തിലാണ് വനംവകുപ്പ് ദൗത്യ സംഘം കാട്ടാനകളെ തുരത്തിയത്. കണ്ണൂർ ഡി.എഫ്.ഒ എസ്. വൈശാഖിന്റെ നിർദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ നിതിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 19 അംഗ ദൗത്യസംഘവും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് ദൗത്യം ഏറ്റെടുത്തത്. ആദ്യം, ആറളം പുനരധിവാസ മേഖല ബ്ലോക്ക് 7 വയനാടൻ കാട് ഭാഗത്ത് തമ്പടിച്ചിരുന്ന ഒരു കൊമ്പനാനയെ ട്രാക്കിങ് ടീം കൃത്യമായി ട്രാക്ക് ചെയ്തു. തുടർന്ന് ഈ കൊമ്പനാനയെ ബ്ലോക്ക് 8 ഹെലിപ്പാഡ് ഭാഗത്തേക്ക് വിജയകരമായി തുരത്തി.ഹെലിപ്പാട് ഭാഗത്ത് തമ്പടിച്ചിരുന്ന ഒമ്പതു കാട്ടാനകളെയും ഉൾപ്പെടെയുള്ള കൂട്ടത്തെ വട്ടക്കാട് വഴി താളിപ്പാറ ഭാഗത്തേക്ക് എത്തിക്കാൻ ദൗത്യസംഘം ഏറെ നേരത്തെ പരിശ്രമം നടത്തി. ഈ കാട്ടാനക്കൂട്ടത്തെ തളിപ്പാറ റോഡ് കടത്തി പുതുതായി നിർമിച്ച സോളാർ ഫെൻസിങ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തിയാണ് ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. രണ്ട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് കാട്ടാനകളെ വനമേഖലയിലേക്ക് തുരത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!