ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ: ഇക്കാര്യങ്ങളും അറിയണം
തിരുവനന്തപുരം:പല രീതിയിലുള്ള സ്ഥിര നിക്ഷേപങ്ങളെപ്പറ്റിയാണ് ഈ ലക്കത്തിൽ പറയുന്നത്. ഏറ്റവും പ്രചാരമുള്ള ഒരു നിക്ഷേപമാണ് ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ.
സാധാരണ സ്ഥിര നിക്ഷേപങ്ങൾ
(Term Deposit)
സ്ഥിര നിക്ഷേപങ്ങൾ സാധാരണ രണ്ടു രീതിയിൽ ആണ് ഉള്ളത്. അതായതു മാസം തോറും വരുമാനം കിട്ടുന്നവയും മുതലും വരുമാനവും അവസാനം കിട്ടുന്നതും. റിട്ടയർ ചെയ്ത ആളുകളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സ്കീം അവരുടെ ഒരു സ്ഥിര വരുമാന മാർഗമാണ്. ഇത്തരം മാസ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്തൊക്കെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാലും കൃത്യമായൊരു തീയതിൽയിൽ അവരുടെ ബാങ്ക് അക്കൗണ്ടിൽ വരുമാനം വരുമെന്നത് ഇത്തരം നിക്ഷേപങ്ങളുടെ പ്രത്യേകത ആണ്. വരുമാനം മാസം തോറുമോ അല്ലെങ്കിൽ മൂന്ന് മാസ ഇടവേളകളിലോ നിങ്ങളുടെ അക്കൗണ്ടിൽ വരും എന്നതാണ് പ്രത്യേകത.
സ്പെഷൽ ടെം ഡിപ്പോസിറ്റ് (STD)/കാഷ് സർട്ടിഫിക്കറ്റ്
വളരെ പ്രചാരമുള്ള ഒരു നിക്ഷേപ പദ്ധതിയാണിത്. മുകളിൽ പറഞ്ഞ സ്കീമും ഇതും തമ്മിലുള്ള പ്രധാന വ്യത്യാസം ഈ സ്കീമിൽ ആദായം ഡിപ്പോസിറ്റിന്റെ കാലാവധി എത്തുമ്പോൾ മുതലിന്റെ കൂടെ ചേർത്തു കൊടുക്കും എന്നതാണ്. എന്നുവെച്ചാൽ ഇടക്ക് ആദായം കിട്ടില്ല എന്നർഥം . ആറു മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ നിക്ഷേപം നടത്താം. നേരത്തേ പറഞ്ഞതുപോലെ കാലാവധിക്ക് അനുസരിച്ചു ആദായത്തിന്റെ നിരക്കിൽ വ്യത്യാസം വരും.
ഉടനെ തുക ആവശ്യമില്ലാത്തവർക്കു അനുയോജ്യമായ ഒരു പദ്ധതി ആണിത്. മുതലിനും മൂന്നു മാസം കൂടുമ്പോൾ കിട്ടുന്ന ആദായത്തിനും വീണ്ടും ആദായം കിട്ടുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഉദാഹരണമായി 10 ലക്ഷം രൂപ എട്ടു വർഷ കാലാവധിയിൽ എട്ടു ശതമാനം ആദായത്തിൽ നിക്ഷേപിക്കുമ്പോൾ ആദ്യം പറഞ്ഞ സ്കീമിൽ എട്ടു വർഷത്തിന്റെ അവസാനം എട്ടു ലക്ഷം കിട്ടുമ്പോൾ ഈ സ്കീമിൽ 18,84,541 രൂപ കിട്ടും. ആദ്യത്തെ സ്കീമിൽ മാസം തോറും കിട്ടുന്ന ആദായം മൊത്തം 6,40,000 ആകുമ്പോൾ രണ്ടാമത്തേതിൽ. 8,84,541 രൂപ കിട്ടുന്നു. അതായതു 2,44,541 രൂപ അധികം കിട്ടുന്നു. സർക്കാർ ട്രഷറി പോലുള്ള സ്ഥാപനങ്ങളിലും മറ്റു ചില ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലും ഈ പദ്ധതി ലഭ്യമല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സാധാരണ ഇത്തരം നിക്ഷേപങ്ങളുടെ കാലാവധി ഏഴു ദിവസം മുതൽ 10 വർഷം വരെ ആണ്. പൊതുവെ കൂടുതൽ കാലാവധിക്ക് കൂടുതൽ വരുമാനം എന്നതാണ് കണക്ക്. എന്നാൽ ചില ബാങ്കുകൾ അഞ്ചു വർഷത്തിലധികമുള്ള കാലാവധി നിക്ഷേപത്തിന് മൂന്നു മുതൽ അഞ്ചു വരെയുള്ളതിനേക്കാൾ വരുമാനം കുറച്ചാണ് നൽകുന്നത് . ഇക്കാര്യം ശ്രദ്ധിക്കുക.
2. 2. മുതിർന്ന പൗരന്മാർക്ക് സാധാരണ അര ശതമാനം ആദായം കൂടുതൽ കൊടുക്കാറുണ്ട്. ഇത് കിട്ടുന്നു എന്ന് ഉറപ്പാക്കുക.
3. ആദായനികുതി ദായകർ അല്ലെങ്കിൽ ഫോം 15H/15G ഒരു സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ കൊടുക്കുക. ഇപ്പോൾ മുതിർന്ന പൗരന്മാർക്ക് ഒരു ലക്ഷംവരെ TDS ഒഴിവാക്കിയിട്ടുണ്ട്.
4. ഒന്നിലധികം നിക്ഷേപം ഉള്ളവർ കഴിയുന്നതും പല കാലാവധിയായി നിക്ഷേപിക്കുക. ഇത് ചിലപ്പോൾ നിങ്ങൾക്ക് അത്യാവശ്യം വരുമ്പോൾ മറ്റു ഡിപ്പോസിറ്റിനെ ബാധിക്കാതെ ക്ലോസ് ചെയ്തു ആവശ്യം നടത്താൻ പറ്റും.
5. കൃത്യമായ ഇടവേളകളിൽ പണം ആവ്യശമില്ലാത്തവർ കൂടുതൽ തുക ടെം ഡിപ്പോസിറ്റുകളിൽ ഇടുന്നതിനു പകരം പകരം സ്പെഷൽ ടെം ഡിപ്പോസിറ്റുകളിൽ ഇടുക. കാരണം ഈ നിക്ഷേപങ്ങൾക്ക് ആദായത്തിനു ആദായം കിട്ടും എന്നത് ഓർക്കുക .
6. NRE നിക്ഷേപങ്ങൾ (എസ്.ബി അല്ലാതെയുള്ളത് )മിനിമം ഒരു വർഷം എങ്കിലും കാലാവധി വേണം. അതിനകത്തു പണം പിൻവലിച്ചാൽ അതുവരെ ഉള്ള ആദായം നഷ്ടപ്പെടും.
7. നിക്ഷേപത്തിന്റെ ഉറപ്പിൽ താൽക്കാലിക വായ്പ എടുക്കുന്നവർ വായ്പയുടെ റേറ്റ് പരിശോധിക്കണം. ചില ബാങ്കുകൾ ഡിപ്പോസിറ്റിന്റെ നിരക്കിനേക്കാൾ ഒരു ശതമാനം അധികം എടുക്കുമ്പോൾ ചിലർ രണ്ടു ശതമാനം എടുക്കുന്നു. ഇക്കാര്യം കൂടി ശ്രദ്ധിക്കണം.
നോൺ കാളബിൾ ഡിപ്പോസിറ്റ് , റെക്കറിങ് ഡിപ്പോസിറ്റ് എന്നിവയും ഓട്ടോ സ്വീപ് സംവിധാനത്തെപ്പറ്റിയും അടുത്ത ഞായറാഴ്ചയിലെ ലേഖനത്തിൽ വിവരിക്കാം.
