479 പേർ കൂടി സേനയിലേക്ക് പാസിങ് ഒൗട്ട് പരേഡ് തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും
ധർമ്മശാല: ഒമ്പതുമാസത്തെ കഠിന പരിശീലനം പുർത്തിയാക്കിയ 479 പേർ തിങ്കളാഴ്‌ച കേരള പൊലീസിന്റെ ഭാഗമാവും. കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. തുടർന്ന് സേനാംഗങ്ങൾ സത്യപ്രതിജ്ഞ എടുക്കും. കെഎപി രണ്ട്, നാല് ബറ്റാലിയനുകളിലെ 479 പേരാണ് 210 ദിവസത്തെ കഠിന പരിശീലനം പൂർത്തിയാക്കിയത്. മികച്ച വിദ്യാഭ്യാസമുള്ളവരുടെ സേനയായ കേരളാ പൊലീസ്. പൊതുജനസേവന രംഗത്ത് സമാനതളില്ലാത്ത മാതൃക തീർത്ത് കേരളത്തിന്റെ അഭിമാന സേനയായി കേരള പൊലീസ് മാറികഴിഞ്ഞു. ഭരണഘടന, മനുഷ്യാവകാശങ്ങൾ, പൊലീസ് നിയമങ്ങൾ, ക്രിമിനൽ നിയമങ്ങൾ, ക്രിമിനോളജി, ക്രിമിനലിസ്റ്റിക്സ്, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, മെത്തേഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ, കംപ്യൂട്ടർ പരിശീലനം, സൈബർ ക്രൈം, സൈബർ ഫോറൻസിക് , കമ്മ്യൂണിക്കേഷൻ ആൻഡ് പ്രസന്റേഷൻ സ്കിൽ, ടെലി കമ്മ്യൂണിക്കേഷൻ, എസ്കോർട്ട് ഡ്യൂട്ടീസ്, വിവിഐപി ഡ്യൂട്ടി പരിശീലനം തുടങ്ങിയ ഇൻഡോർ വിഷയങ്ങളിൽ വിദഗ്ധരിൽ നിന്നും പരിശീലനം ലഭിച്ചവരാണ് ഈ സേനാംഗങ്ങൾ. കേരള സംസ്ഥാന പൊലീസ് മേധാവി, എഡിജിപി, ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി, കെ എ പി 2, 4 ബറ്റാലിയൻ കമണ്ടന്റുമാർ എന്നിവർ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. ജില്ലയിലെ എംഎൽഎമാർ, എംപിമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കണ്ണൂർ റേഞ്ച് ഡിഐജി, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ, ജില്ലാ കലക്ടർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
