കെഎസ്ആർടിസി പുകയും പരിശോധിക്കും; സർക്കാർ നിരക്കിനേക്കാൾ 20 രൂപ കുറവ്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആദ്യ വാഹന പുക പരിശോധനാകേന്ദ്രം വികാസ് ഭവൻ ഡിപ്പോയിൽ തുടങ്ങി. മറ്റു വാഹനങ്ങളും പരിശോധിക്കും. എല്ലാ വാഹനങ്ങൾക്കും സർക്കാർ നിരക്കിനേക്കാൾ 20 രൂപ കുറവുണ്ട്. ഹെവി വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാം. വികാസ് ഭവനിലെ പെട്രോൾ പമ്പിനോടു ചേർന്നാണ് പുക പരിശോധനാകേന്ദ്രം ആരംഭിച്ചത്. സിഎംഡി പി.എസ്. പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു. മറ്റ് ഡിപ്പോകളിലേക്കും ഉടൻ പദ്ധതി വ്യാപിപ്പിക്കും. വികാസ് ഭവനിലെ പെട്രോൾ പമ്പിൽനിന്നു മാസം നിശ്ചിത രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങൾക്കു പുക പരിശോധന സൗജന്യമാക്കുന്നതും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പൊതുമേഖലയിൽ വാഹന പുക പരിശോധനാകേന്ദ്രം ആരംഭിക്കുന്നത്. കെഎസ്ആർടിസി ബസുകളുടെ പുക പരിശോധനയും ഇനി സ്വന്തമായി നടത്താനാകും.
5500 ബസുകളുള്ള കെഎസ്ആർടിസിക്ക് പുക പരിശോധന വൻ ചെലവായിരുന്നു. 150 രൂപ ഫീസ് നൽകുന്നതിനു പുറമേ ബസുകൾ പരിശോധനയ്ക്കു കൊണ്ടുപോകാൻ ഒരു ഡ്രൈവറെയും മെക്കാനിക്കിനെയും നിയോഗിക്കണമായിരുന്നു. ഇവർക്ക് ഒരു ഡ്യൂട്ടി വീതം നൽകിയിരുന്നു. ഡിപ്പോയോടു ചേർന്ന് സ്വന്തം പരിശോധനാകേന്ദ്രങ്ങൾ തുടങ്ങിയാൽ അധിക ചെലവ് ഒഴിവാക്കാം. പെട്രോൾ പമ്പുകൾ, ബജറ്റ് ടൂറിസം, ഡ്രൈവിങ് സ്‌കൂൾ, കൂറിയർ എന്നിവ വിജയിച്ചതിനു പിന്നാലെയാണ് പുക പരിശോധനാകേന്ദ്രങ്ങളുടെ നടത്തിപ്പിലേക്കും കെഎസ്ആർടിസി തിരിയുന്നത്. ഇതിനെതിരേ പുക പരിശോധനാകേന്ദ്രം നടത്തിപ്പുകാരുടെ സംഘടന രംഗത്തുവന്നിട്ടുണ്ട്. എല്ലാ ഡിപ്പോകളിലും പുക പരിശോധനാകേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർദേശം നൽകിയിട്ടുണ്ട്.
പുക പരിശോധനാ നിരക്ക്
ഇരുചക്രം 80
ഓട്ടോറിക്ഷ (പെട്രോൾ) 80
ഓട്ടോറിക്ഷ (ഡീസൽ) (ബിഎസ് 3) 90, (ബിഎസ് 4-6) 110
കാർ (പെട്രോൾ) 100, (ഡീസൽ) (ബിഎസ് 3) 110, (ബിഎസ് 4-6) 130
ഹെവി (ബിഎസ് 3) 150, (ബിഎസ് 6) 180
