മക്ക, മദീന അനുഭവം മെച്ചപ്പെടുത്തൽ; തീർഥാടകർക്കായി പുതിയ പ്ലാറ്റ്‌ഫോം തുറന്നു
ജിദ്ദ : മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും എത്തുന്ന തീർഥാടകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനായി ‘ആരാധകന്റെ വഴികാട്ടി’ (Worshipper’s Guide) ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ഇരു ഹറമുകളുടെയും കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയാണ്പദ്ധതിക്ക് പിന്നിൽ. തീർഥാടകരുടെ ആരാധനാപരമായ ബന്ധം ശക്തിപ്പെടുത്താനും ആത്മീയകാര്യങ്ങൾ എളുപ്പത്തിൽ അറിയാനും ലക്ഷ്യമിട്ടാണ് വെബ്‌സൈറ്റ് രൂപകൽപ്പന. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിശ്വാസികൾക്ക് സഹായകമാകുംവിധം ഏഴ് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകും. അറബിക്, ഉറുദു, ഇംഗ്ലീഷ്, തുർക്കിഷ്, ഫ്രഞ്ച്, മലായ്, ഇന്തോനേഷ്യൻ എന്നീ ഭാഷകളിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും. ഇരു ഹറമുകളിലെയും നമസ്‌കാര സ്ഥലങ്ങളിലും പ്രവേശന കവാടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാം. ഖുർആന്റെ ഡിജിറ്റൽ പകർപ്പ്, സമ്പൂർണ പ്രാർഥനകളുടെ ശേഖരം, വിവിധ ആരാധനാ കർമം നിർവഹിക്കനുള്ള ദൃശ്യാവിഷ്‌കാരം തുടങ്ങിയവ പോർട്ടലിലുണ്ട്. ഗ്രാൻഡ് മോസ്‌കിലെത്തുന്ന വിവിധ രാജ്യക്കാരായ തീർഥാടകർക്ക് ഇത് പ്രയോജനകരമാകും.
