പട്ടികവിഭാഗത്തിലെ 15,699 കുടുംബങ്ങൾ അതിദാരിദ്യത്തിൽ നിന്ന് മുക്തം
തിരുവനന്തപുരം: അതിദാരിദ്യത്തിൽ നിന്ന് മുക്തരായവരിൽ 15,699 പട്ടികവിഭാഗം കുടുംബങ്ങളും. ആകെ അതിദരിദ്രരുടെ 24.52 ശതമാനമാണിത്. 2021ൽ നടത്തിയ സർവേയിൽ 12,793 പട്ടികജാതി കുടുംബങ്ങളെയും 2906 പട്ടികവർഗ കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവർക്കായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് വലിയ ഇടപെടൽ നടത്തി. വിവിധ പദ്ധതിയുടെ നിബന്ധനകളിൽ ഇളവ് വരുത്തിയും ലഘുപദ്ധതിതയ്യാറാക്കിയുമാണ് ഇരു വിഭാഗത്തിലുമായി 15,699 കുടുംബങ്ങളെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. 87 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകാൻ പട്ടികവർഗ വികസന വകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കി. ഭക്ഷണം, ആരോഗ്യ സേവനം, സ്ഥലം, വീട്, വരുമാനം എന്നിങ്ങനെ ഇവരുടെ വ്യത്യസ്ത ആവശ്യങ്ങളെല്ലാം വിവിധ പദ്ധതികളിലുടെ സർക്കാർ പരിഹരിച്ചു. വീടില്ലാതിരുന്ന 3174 കുടുംബങ്ങൾക്ക് പുതിയ വീട് അനുവദിച്ചു.
നമ്മുടെ കുതിപ്പ് ലോകനിലവാരത്തിലേക്ക്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന് പാവപ്പെട്ടവരോടുള്ള കരുതലിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് അതിദാരിദ്ര്യത്തിൽനിന്നുള്ള മോചനമെന്ന് ഈരാറ്റുപേട്ട സ്വദേശി നീതു മുണ്ടമറ്റത്തിൽ. പട്ടികവിഭാഗങ്ങൾക്കുള്ള സർക്കാർ സ്കോളർഷിപ്പിൽ വിദേശപഠനം പൂർത്തിയാക്കി നിലവിൽ ബ്രിട്ടനിലെ കേംബ്രിഡ്‌ജിൽ സർക്കാർ സർവീസിൽ ഹെൽത്ത് സെക്രട്ടറിയായി ജോലി ചെയ്യുകയാണ് നീതു. 2022ലാണ് 25 ലക്ഷം രൂപയുടെ സർക്കാർ സ്കോളർഷിപ്പിൽ നീതു ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാനെത്തുന്നത്.സർക്കാർ സഹായം കിട്ടിയിരുന്നില്ലെങ്കിൽ ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയേണ്ടി വരുമായിരുന്നെന്നും നീതു പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കുന്നതിനൊപ്പം പ്രധാനമാണ് വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും പ്രത്യേക സഹായം നൽകുന്നതും. മത്സരപരീക്ഷകൾക്ക് പഠിക്കുന്നവർക്ക് 1000 രൂപയുടെ ധനസഹായം ചെറിയ കാര്യമല്ല. ക്ഷേമ പെൻഷൻ 2000 ആക്കി. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്കാണ് നമ്മുടെ കുതിപ്പ്. സർക്കാരിന്റെ കരുതൽ വാക്കുകളിലല്ല പ്രവൃത്തിയിലാണ് എന്നതിന്റെ തെളിവാണ് തന്റേതടക്കമുള്ള ജീവിതമെന്നും നീതു പറഞ്ഞു. നാലു വർഷംകൊണ്ട് 1104 പട്ടികവിഭാഗം വിദ്യാർഥികളെയാണ് സർക്കാർ വിദേശ പഠനത്തിനയച്ചത്.
