ആറളം ഫാമിൽ കാട്ടാന ചരിഞ്ഞു
ഇരിട്ടി: ആറളം ഫാമിൽ വീണ്ടും കാട്ടാന ചരിഞ്ഞ നിലയിൽ. ആദിവാസി പുനരധിവാസ മേഖലയിൽ ബ്ലോക്ക് പത്തിലെ കോട്ടപ്പാറ ജലനിധി ടാങ്കിനടുത്താണ് 25 വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ആറളം ആർആർടി വിഭാഗമാണ് ജഡം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. ദേഹത്ത് പരിക്കില്ല. ആന്തരിക അണുബാധയാണ് മരണകാരണമെന്നാണ് സൂചന. വനം വകുപ്പ് വയനാട് അസി. ഫോറസ്‌റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ പോസ്‌റ്റ്മോർട്ടം നടത്തി. ആന്തരികാവയവ ഭാഗങ്ങൾ പരിശോധനക്കായി വൈറോളജി, ടോക്സിക്കോളജി ലാബിലേക്കയച്ചു. ഇരിട്ടി മൊബൈൽ വെറ്ററിനറി സർജൻ ഡോ. സിബിനും സ്ഥലത്തെത്തി. ഡബ്ല്യുഎഎംഎഎഫ് (വൈൽഡ് ആനിമൽ മോർട്ടാലിറ്റി ഓഡിറ്റ് ഫ്രെയിംവർക്ക്) പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടത്തി. ഡിഎഫ്‌ഒ എസ് വൈശാഖ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം ഷൈനികുമാർ തോലമ്പ്ര സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ സി കെ മഹേഷ്, കീഴ്‌പ്പള്ളി ഫോറസ്റ്റർ കൃഷ്ണശ്രീ, ഫ്ലയിങ് സ്ക്വാഡ് ബിഎഫ്‌ഒമാരായ സൗമ്യ, പ്രിയ, മാർക്ക് പ്രസിഡന്റ് വിവിയൻ, സയന്റിഫിക്ക് എക്സ്പർട്ട് റോഷ്‌നാഥ്, പഞ്ചായത്തംഗം മിനി ദിനേശൻ, ചതിരൂർ വിഎസ്എസ് പ്രസിഡന്റ് കുഞ്ഞുമൊയ്‌തീൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
