മലബാർ-മലനാട് റിവർ ക്രൂസ് ടൂറിസം ; കാണൂ…മലപ്പട്ടത്തെ നഷ്ടക്കാഴ്ചകൾ
ശ്രീകണ്ഠപുരം: മലബാർ-മലനാട് റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി 3.37 കോടി ചെലവിൽ മലപ്പട്ടത്തെ കൊവുന്തലയിലും മുനമ്പുകടവിലും നിർമിച്ച പാർക്കുകളും ബോട്ടുജെട്ടികളും നഷ്ടക്കാഴ്ചകളൊരുക്കുന്നു. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ ‘മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്’ എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് മലപ്പട്ടത്തെ മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ നിർമാണങ്ങൾ നടത്തിയത്.രണ്ടു ബോട്ടു ജെട്ടികൾ, ഫുഡ്കോർട്ട് കെട്ടിടം, ആർട്ടിഫിഷ്യൽ ആലകൾ, ആംഗ്ലിങ് യാർഡുകൾ, നടപ്പാത, ഇരിപ്പിടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കിയോസ്ക്, ശൗചാലയങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരുന്നു. 2024 ജൂലൈയിൽ എല്ലാ പണിയും പൂർത്തിയായെങ്കിലും പാർക്ക് ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ഉദ്ഘാടനം നടത്തിയില്ല.
മുനമ്പ് കടവ്
മുനമ്പ്കടവ് പാലത്തിനോട് ചേർന്നുള്ള വഴിയിലൂടെയാണ് പാർക്കിലെത്തേണ്ടത്. പാർക്കിലേക്ക് കയറുമ്പോൾ തന്നെ കാണുന്ന ആലയിലെ ഇരിപ്പിടം തകർന്നു വീണ നിലയിലാണ്. പാർക്കിൽ എല്ലായിടത്തും കാടുകയറിയിട്ടുണ്ട്. ശൗചാലയത്തിലേക്കുള്ള നടവഴി പോലും കാടുകയറി കാണാൻ പറ്റുന്നില്ല. പുഴയോട് ചേർന്നുള്ള ഇരിപ്പിടങ്ങളിൽ മണ്ണും ചെളിയും ഉള്ളതിനാൽ ആർക്കും ഇരിക്കാൻ സാധിക്കില്ല.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കിയോസ്കുകളെല്ലാം തകർന്നു. ബോട്ടുജെട്ടിയും ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
ആര് ഏറ്റെടുക്കും
ടെൻഡറും റീടെൻഡറും ക്ഷണിച്ചിട്ടും പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാതായതോടെയാണ് മുനമ്പ്കടവ്, കൊവുന്തല പാർക്കുകൾ അനാഥമായത്. മാത്രമല്ല പണി പൂർത്തിയായ ഉടൻ തന്നെ പാർക്കിലെ ആംഗ്ലിങ് യാർഡും നടപ്പാതയും പടവുകളുമൊക്കെ തകർന്നതും വിവാദമായിരുന്നു. വിജിലൻസ് അന്വേഷണവും നടത്തിയിരുന്നു. പിന്നാലെ വിനോദ സഞ്ചാര വകുപ്പ് നവീകരണം നടത്തിയെങ്കിലും പാർക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തില്ല. നവീകരണം നടത്തിയിട്ടും കൊവുന്തലയിലെ പാർക്കിലെ ആംഗ്ലിങ് യാർഡ് ഉൾപ്പെടെയുള്ളവ തകർന്നു കിടക്കുകയാണ്.
കൊവുന്തല
സ്റ്റീലിന്റെ അർധവൃത്താകൃതിയിലുള്ള കൈവരികൾ സ്ഥാപിച്ചാണ് ഇവിടെത്തെ ഫുഡ് കോർട്ട് കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഇതിനിടയിൽ കാടുകയറി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെത്തെ നടപ്പാതയുടെയും ഇരിപ്പിടങ്ങളുടെയും സ്ഥിതിയും ഇതു തന്നെ. പണി പൂർത്തിയായ ഉടൻ തന്നെ പാർക്കിലെ ആംഗ്ലിങ് യാർഡും നടപ്പാതയും പടവുകളുമൊക്കെ തകർന്നിരുന്നു.തെങ്ങ് കൊണ്ട് ഉണ്ടാക്കിയ തൂണിൽ പ്ലൈവുഡ് ഉപയോഗിച്ച് പ്ലാറ്റ് ഫോം ഒരുക്കിയാണ് ചൂണ്ടയിടാനുള്ള ആംഗ്ലിങ് യാർഡ് നിർമിച്ചത്. ഇതിന്റെ തൂണും പ്ലാറ്റ്ഫോമും ദ്രവിച്ച് നശിച്ചു.
